കഴക്കൂട്ടം: പള്ളിപ്പുറം സി.ആര്.പി.എഫ് ക്യാമ്പില്‍ നാനൂറോളം ജവാന്മാര്ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അറുനൂറോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായാണ് അനൗദ്യോഗിക വിവരം. ശനിയാഴ്ച വൈകീട്ട് എട്ടരയോടെയാണ് സംഭവം. രാത്രിഭക്ഷണത്തിലെ മീന്‍ കറിയില്‍നിന്നാണ് വിഷബാധയുണ്ടായതെന്ന് സംശയിക്കുന്നു. ഛര്‍ദി, തലവേദന, ശാരീരിക അസ്വാസ്ഥ്യം എന്നിവ അനുഭവപ്പെടുകയായിരുന്നു. പലരും ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു. തുടര്‍ന്ന് ക്യാമ്പിലെ ബസുകളിലും ട്രക്കുകളിലും ആംബുലന്‍സുകളിലും സ്വകാര്യവാഹനങ്ങളിലുമായി വിവിധ ആശുപത്രികളിലെത്തിക്കുകയായിരുന്നു. 119 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
കഴക്കൂട്ടം സി.എസ്.ഐ മിഷന് ആശുപത്രിയില്‍ എഴുപതോളം പേരും കഴക്കൂട്ടം എ.ജെ. ആശുപത്രിയില്‍ അമ്പതോളം പേരും ക്യാമ്പിന്റെ ആശുപത്രിയില്‍ പതിനഞ്ചോളം പേരും ചികിത്സ തേടിയിട്ടുണ്ട്. ജില്ലയിലെ മറ്റ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ജവാന്മാരെ പ്രവേശിപ്പിച്ചിട്ടുണ്ട്. കൃത്യമായ വിവരം രാത്രി വൈകിയും ലഭ്യമായിട്ടില്ല.
സംഭവത്തെതുടര്‍ന്ന് പരിശോധനക്കെത്തിയ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെ സി.ആര്.പി.എഫ് ജവാന്മാര് ഗേറ്റില്‍ തടഞ്ഞു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇടപെട്ടതിനെതുടര്‍ന്നാണ് ഉദ്യോഗസ്ഥരെ അകത്തുകടക്കാന്‍ അനുവദിച്ചത്. തുടര്‍ന്ന് മംഗലപുരം പൊലീസ് എത്തി ജീപ്പില്‍ ഉദ്യോഗസ്ഥരെ അകത്തെത്തിക്കുകയായിരുന്നു. ആറ്റിങ്ങല്‍ എ.എസ്.പി, പോത്തന്‍കോട് സി.ഐ എന്നിവരുടെ നേതൃത്വത്തില്‍ മംഗലപുരം പൊലീസ് ക്യാമ്പിനുള്ളിലും പരിസരത്തുമുണ്ട്. അടിയന്തരസാഹചര്യം നേരിടാന്‍ പതിനഞ്ചോളം ആംബുലന്‍സുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മംഗലപുരം പൊലീസ് പറഞ്ഞു.
Discussion about this post