ബംഗലുരു: കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ 500, 1000 നോട്ടുകളുടെ 9.10 കോടി രൂപയുമായി പതിനാലു പേര് ബംഗലുരുവില്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ കര്‍ണാടകം മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്മാന് വീരണ്ണ മാട്ടികട്ടിയുടെ മരുമകനും ഉള്‍പ്പെടുന്നു. ബംഗലുരുവിലെ ബെന്‍സണ്‍ ടൗണിലുളള വീട്ടില്‍ രഹസ്യ വിവരത്തേത്തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഈ പഴയ നോട്ടുകള്‍ പുതിയവയുമായി മാറ്റിയെടുക്കാനുളള ശ്രമത്തിലായിരുന്നു ഇവരെന്ന് ബംഗലുരു സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എച്ച്. എം മഹാദേവപ്പ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പതിനഞ്ചോളം മൊബൈല്‍ ഫോണുകള്‍, രണ്ട് ഇരുചക്രവാഹനങ്ങള്‍, രണ്ട് കാറുകള്‍ എന്നിവയും അറസ്റ്റിലായവരുടെ കൈയ്യില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത 14 പേരില്‍ 13 പേരെയും മജിസ്ട്രേറ്റിനു മുന്പില് ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
അതേസമയം ഇവരുടെ കൂട്ടത്തില്‍ അറസ്റ്റിലായ എഡ്വിന് റൊസാരിയോയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയതായും മഹാദേവപ്പ വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാനിയമം 420, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് 41 ബി, സ്പെസിഫൈഡ് ബാങ്ക് നോട്ട്സ് (സെസ്സേഷന്‍ ആന്‍ഡ് ലയബിലിറ്റീസ്) ആക്ട് 2017ലെ ഏഴാം വകുപ്പ് എന്നിവ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
മാര്‍ച്ച് 23ന് 1.28 കോടിയുടെ പിന്‍വലിച്ച നോട്ടുകളുമായി രണ്ടു പേര് ബംഗലുരുവില്‍ അറസ്റ്റിലായിരുന്നു. മാര്‍ച്ച് 28ന് 4.98 കോടിയുടെ നിരോധിച്ച നോട്ടുകളുമായി മറ്റു നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post