ഡല്‍ഹി: വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന് മൂന്നാം തവണയും സമന്‍സ് അയച്ച് ദേശീയ അന്വേഷണ ഏജന്‍സി. കഴിഞ്ഞ ഒരു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് സാക്കിര്‍ നായിക്കിന് എന്‍ഐഎ സമന്‍സ് അയക്കുന്നത്. ഏപ്രില്‍ 17നു മുന്‍പ് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പുതിയ സമന്‍സ് അയച്ചിരിക്കുന്നത്. തീവ്രവാദവുമായി ബന്ധപ്പെട്ട കേസിലാണ് സാക്കിര്‍ നായിക്കിനെതിരേ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം നടത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയായ സാക്കിര്‍ നായിക് തന്റെ വിവാദ പ്രഭാഷണങ്ങളിലൂടെ തീവ്രവാദത്തിന് ആഹ്വാനം ചെയ്തുവെന്നാണ് കേസ്.
അതേസമയം മൂന്ന് സമന്‍സുകള്‍ അയച്ചെങ്കിലും ഇതുവരെ അന്വേഷണവുമായി സഹകരിക്കാന്‍ സാക്കിര്‍ നായിക് സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. ഇതിനു മുന്‍പ് മാര്‍ച്ച് 14നും, മാര്‍ച്ച് 30നും ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ ഇയാള്‍ക്കു നോട്ടീസയച്ചിരുന്നു. അടുത്ത പടിയായി കോടതിയില്‍ നിന്നും ഇയാള്‍ക്കെതിരേ വാറണ്ട് നേടാനാണ് ദേശീയ അന്വേഷണ ഏജന്‍സി ശ്രമിക്കുന്നതെന്നാണ് വിവരം. ഏപ്രില്‍ 17നും സാക്കിര്‍ നായിക് ഹാജരാകാത്ത പക്ഷം ഇത് ആഭ്യന്തരമന്ത്രാലയവും, വിദേശമന്ത്രാലയവും വഴി സാക്കിര്‍ നായിക്കിലെത്തിക്കുമെന്നും വിവരമുണ്ട്.
ബംഗ്ലാദേശിലെ ധാക്കയില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്‍ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടരായതായി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ അന്വേഷണം നടത്തണമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
Discussion about this post