ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇന്ന് ഹൈദരാബാദില്‍ കൊടിയേറും. ഐപിഎല്ലിന്റെ പത്താം പതിപ്പിനാണ് ഹൈദരാബാദില്‍ ഇന്ന് തുടക്കമാകുക. സണ്‍റൈസേഴ്സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലുരും തമ്മിലുള്ള ഉദ്ഘാടന മല്‍സരത്തോടെയാണ് പൂരത്തിന്റെ കൊടിയേറ്റം. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.
ആകെ എട്ട് ടീമുകളാണ് ഇക്കുറി കിരീടം തേടി ഇറങ്ങുന്നത്. 10 വേദികളാണ് മല്‍സരത്തിന് സാക്ഷ്യം വഹിക്കുക. 47 ദിവസങ്ങളിലായി ആകെ 60 മത്സരങ്ങളാണ് നടക്കുക. ചാമ്പ്യന്മാരായ ഹൈദരാബാദ് സണ്‍ റൈസേഴ്സിന് പുറമെ, ബാംഗഌര് റോയല്‍ ചലഞ്ചേഴ്സ്, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, റൈസിങ് പുണെ ജയന്റ്സ്, ഗുജറാത്ത് ലയണ്‍സ്, കിങ്സ് ഇലവന് പഞ്ചാബ് എന്നിയാണ് ഇത്തവണ മാറ്റുരയ്ക്കുന്ന ടീമുകള്‍.
താരങ്ങളുടെ പരിക്കാണ് ഐപിഎല്‍ പത്താം സീസണിന്റെ ശോഭ കെടുത്തുന്നത്. പരുക്കിനെ തുടര്‍ന്ന് അന്താരാഷ്ട്ര താരങ്ങളടക്കം നിരവധി പേരാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്. ഏറ്റവുമൊടുവില്‍ യുവതാരങ്ങളായ ശ്രേയസ് അയ്യര്‍ക്കും സര്‍ഫ്രാസ് ഖാനും ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകുമെന്നുറപ്പായി. ചിക്കന്‍പോക്സ് പിടിപെട്ടതിനെ തുടര്‍ന്നാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ബാറ്റ്സ്മാനായ ശ്രേയസിന് തുടക്കത്തിലെ മല്‍സരങ്ങള്‍ നഷ്ടമാകുന്നത്. പരിശീലനത്തിനിടെ ഏറ്റ പരിക്കാണ് ബാംഗ്ലൂരിന്റെ കളിക്കാരനായ സര്‍ഫ്രാസിന് തിരിച്ചടിയായത്.
ആര് അശ്വിന്, മുരളി വിജയ്, ലോകേഷ് രാഹുല്‍, മിച്ചെല്‍ മാര്‍ഷ്, മിച്ചെല്‍ സ്റ്റാര്‍ക്, ക്വിന്റണ്‍ ഡി കോക്ക്, ഏഞ്ചലോ മാത്യൂസ്, ജെ പി ഡുമിനി, ആന്ദ്രേ റസല്‍ എന്നിവര്‍ ഈ സീസണില്‍ കളിക്കില്ല. റസലിന് ഒരുവര്‍ഷത്തെ വിലക്കാണ്. ഡുമിനിയാകട്ടെ വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. വിരാട് കോഹ്ലി, എ ബി ഡി വില്ലിയേഴ്സ്, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, തുടങ്ങിയവര്‍ പരിക്കിനെതുടര്‍ന്ന് ടൂര്‍ണമെന്റില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്.
ഇന്ന് ഹൈദരാബാദിനെ നേരിടുന്ന ബാംഗ്ലൂരിനാണ് പരിക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കുന്നത്. നായകന് കോഹ്ലിക്കു പുറമെ, ഡി വില്ലിയേഴ്സ്, ലോക്ഷേ് രാഹുല്‍, മിച്ചല്‍ സ്റ്റാര്‍ക്, സര്‍ഫ്രാസ് തുടങ്ങിയ പ്രമുഖരൊന്നും ഇന്ന് ടീമിനൊപ്പമുണ്ടാകില്ല. ഷെയ്ന് വാടസ്നാണ് ബംഗളൂരിനെ നയിക്കുക. മലയാളി താരം സച്ചിന് ബേബി ബംഗ്ലൂര് ടീമിലുണ്ട്.
ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍. യുവരാജ് സിങ്ങ്, ശിഖര്‍ ധവാന്, ദീപക് ഹൂഡ, മോയ്സെസ് ഹെന്റിക്വസ്, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്റ, അഫ്ഗാനിസ്ഥാന് സ്പിന്നര്‍ റഷീദ് ഖാന് തുടങ്ങിയവര്‍ ഹൈദരാബാദിന്റെ അന്തിമ ഇലവനില്‍ ഇടംപിടിച്ചേക്കും. ബിസിസിഐ ഇടക്കാല സമിതിയുടെ മേല്‍നോട്ടത്തിലാണ് ഇത്തവണ ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നത്. എല്ലാ വേദികളിലും ഉദ്ഘാടനചടങ്ങുകള്‍ നടത്താനാണ് ഐപിഎല്‍ ഭരണസമിതിയുടെ തീരുമാനം.
Discussion about this post