പാലക്കാട്: കേരളത്തിലെ ബുദ്ധിജീവികള്‍ സംഘടിക്കേണ്ടത് അഴിമതിക്കെതിരെയാണെന്ന് സുബ്രഹ്മണ്യന് സ്വാമി. പാപ്പരായ ഒരു സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. നേതാവ് ഒ. രാജഗോപാല്‍ എം.എല്‍.എ.യുടെ ജീവിതത്തെക്കുറിച്ചുള്ള ‘കേരളത്തിന്റെ രാജര്‍ഷി’ പുസ്തകം രണ്ടാം പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. കിണാവല്ലൂര്‍ ശശിധരനാണ് രചയിതാവ്.
മാര്‍ക്സിസ്റ്റുകാരുടെ ദേശീയതാവിരുദ്ധമനോഭാവവും കോണ്‍ഗ്രസ്സുകാരുടെ അഴിമതിയും പാരമ്യത്തിലാണ്. ഇരുവരും വോട്ടുബാങ്ക് രാഷ്ട്രീയം പയറ്റുകയാണ്. അഴിമതി തടയുന്നതിന് താഴേത്തട്ടിലുള്ളവരെ പിടികൂടിയാല്‍ പോരാ. വലിയ ആളുകളും നേതാക്കളും ജയിലിലാവണം. അത് സാധാരണജനങ്ങള്‍ക്ക് പാഠമാവുമെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മന്ത്രി എം.എം. മണി നടത്തിയ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, ”സിംഹം രാജകീയമായി കടന്നുപോകുമ്പോള്‍ ശ്വാനന്മാര് കുരയ്ക്കുമെന്നും അത് കാര്യമാക്കേണ്ടെ”ന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റിട്ട. ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന് നായര്‍ അധ്യക്ഷനായി. ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്, പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരന്, കിണാവല്ലൂര്‍ ശശിധരന്, യു. കൈലാസമണി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒ. രാജഗോപാല്‍ മറുപടിപ്രസംഗം നടത്തി.
Discussion about this post