ബീജിംഗ്: ദലൈലാമ വിവാദത്തില്‍ നിന്നും ശ്രദ്ധമാറ്റി ഇന്ത്യയോടുള്ള സമീപനം കൂടുതല്‍ മയപ്പെടുത്താനൊരുങ്ങി ചൈന. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെടെ മൂന്നു കേന്ദ്ര മന്ത്രിമാര്‍ വരുന്ന ബ്രിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് ചൈന സന്ദര്‍ശിക്കും.
അരുണാചല്‍ പ്രദേശില്‍ ദലൈലാമ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാകുമെന്ന ചൈനയുടെ തുടര്‍ച്ചായ മുന്നറിയിപ്പിന് ഇടയിലാണ് ചൈനയിലേക്കുള്ള ഇന്ത്യന്‍ മന്ത്രിമാരുടെ സന്ദര്‍ശനം. ബ്രിക്സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ മന്ത്രിമാരുടെ സന്ദര്‍ശന സമയങ്ങളുടെ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അംഗമെന്ന നിലയില്‍ ജൂണില്‍ നടക്കുന്ന എല്ലാ മന്ത്രിതല യോഗത്തിലും ഇന്ത്യ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെപ്തംബറില്‍ നടക്കുന്ന ഒടുവിലത്തെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, വാണിജ്യമന്ത്രി നിര്‍മല സീതാരാമന്, ഊര്‍ജമന്ത്രി പീയുഷ് ഗോയല്‍ എന്നിവര്‍ ജൂണ്‍ ജൂലായ് എന്നീ മാസങ്ങളില്‍ നടക്കുന്ന ബ്രിക്സിന്റെ മന്ത്രിതല യോഗത്തിലും ധനകാര്യ ഏജന്‍സിയായ നാഷണല്‍ ഡെവലപ്പമെന്റ് ബാങ്കിന്റെ യോഗത്തിലും പങ്കെടുക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബ്രിക്സിന്റെ സുരക്ഷാ സംബന്ധമായ യോഗത്തിലും പങ്കെടുക്കുമെന്നാണ് സൂചന.
മാത്രമല്ല മേയില്‍ നടക്കുന്ന ചൈനയുടെ വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് (ഒ.ബി.ഒ.ആര്) അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഇന്ത്യയെയും പങ്കെടുപ്പിക്കാനുള്ള നിലപാടിലാണ് ചൈന. ഇരുപതോളം രാജ്യങ്ങളുടെ തലവന്മാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഇന്ത്യയെ കൂടാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഇതില്‍ പങ്കെടുക്കുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ചൈന-പാകിസ്ഥാന് സാമ്പത്തിക ഇടനാഴി കടന്നു പോകുന്നത് പാക് അധീന കാശ്മീരിലൂടെ ആയതിനാല്‍ ഇതില്‍ പങ്കെടുക്കാന്‍ ഇന്ത്യയ്ക്ക് വിമുഖതയുണ്ട്. പ്രദേശത്ത് ഇത്തരമൊരു നിര്‍മാണം നടത്തുന്നതിലൂടെ പാകിസ്ഥാന്റെ അവകാശവാദത്തെ ചൈന ന്യായീകരിക്കുകയാണെന്നാണ് ഇന്ത്യന്‍ നിലപാട്. അതിനാല്‍ പാക് അധീന കാശ്മീരിന്റെ കാര്യത്തില്‍ ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കാതെ കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ സാന്നിദ്ധ്യം ഉണ്ടാവില്ലെന്നാണ് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
Discussion about this post