മെല്‍ബണ്‍: വിദേശ പൗരന്മാര്ക്ക് അനുവദിക്കുന്ന താല്‍ക്കാലിക തൊഴില്‍ വിസയായ ‘457 വിസ’ പദ്ധതി റദ്ദാക്കി ആസ്ട്രേലിയന്‍ സര്‍ക്കാര്‍. രാജ്യ താല്പര്യത്തിന്റെ ഭാഗമായി താല്‍ക്കാലിക തൊഴില്‍വിസ അനുവദിക്കുന്നത് നിര്‍ത്തുകയാണെന്ന് പ്രധാനമന്ത്രി മല്‍കോം ടേന്‍ബല്‍ അറിയിച്ചു. 457 വിസയിലൂടെ വര്‍ഷത്തില്‍ 95,000 വിദേശ പൗരന്മാരാണ് താല്‍ക്കാലിക തൊഴിലുകള്‍ക്കായി ആസ്ട്രേലിയയിലെത്തുന്നത്. ഈ വിസ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് ഇന്ത്യക്കാരാണ്.
തൊഴിലിടങ്ങളില്‍ സ്വദേശി പൗരന്മാര്ക്ക് പ്രഥമപരിഗണന ലഭിക്കുന്നതിന് വേണ്ടിയാണ് തൊഴില്‍ വിസ അനുവദിക്കാതിരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തേക്ക് ഇനിമുതല്‍ വിദഗ്ധ തൊഴിലാളികളെ മാത്രമേ സ്വീകരിക്കൂ. പാസ്പോര്‍ട്ടുണ്ടെങ്കില്‍ ആസ്ട്രേലിയയില്‍ ജോലി ചെയ്യാമെന്നത് അനുവദിക്കുന്നതല്ല. 457 വിസ രാജ്യത്തെ വിദഗ്ധ തൊഴിലാളികളുടെ കുറവു നികത്താന്‍ വേണ്ടി അനുവദിച്ചുകൊണ്ടിരുന്നതാണ്. എന്നാല്‍ അത് ദുരുപയോഗം ചെയ്യപ്പെടുകയും അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. വിദേശ തൊഴിലാളികളെ മുഴുവനായും ഒഴിവാക്കുന്നുവെന്നല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ വൈദഗ്ദ്ധ്യമുള്ളവരെയാണ് ആവശ്യമെന്നും അതിനാല്‍ ഏതു ഉദ്യോഗാര്‍ഥികള്‍ക്കും പെട്ടെന്ന് ലഭിക്കുന്ന തരത്തിലുള്ള വിസ പദ്ധതി ഒഴിവാക്കുകയാണെന്നും ടേന്‍ബല്‍ വ്യക്തമാക്കി.
പുതിയ താല്‍ക്കാലിക തൊഴില്‍ വിസാ നിയമപ്രകാരം അനുവദിക്കാവുന്ന അവസരങ്ങള്‍ പട്ടിക തിരിക്കും. ഉദ്യോഗാര്‍ഥിക്ക് രണ്ടു വര്‍ഷത്തെ തൊഴില്‍പരിചയം, ക്രിമിനല്‍ റെക്കോഡ് പരിശോധന, ഇംഗ്ലീഷ് പരിജ്ഞാനം തുടങ്ങിയ പരിശോധനകള്‍ക്കു ശേഷമേ പുതിയ വിസ അനുവദിക്കൂ.
Discussion about this post