ഡല്‍ഹി: എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ കമ്പനികള്‍ക്കെതിരെ പരാതിയുമായി റിലയന്‍സ് ജിയോ രംഗത്ത്. മൊബൈല്‍ സേവനങ്ങള്‍ നല്കുന്നതില് സുതാര്യതയില്ലെന്ന് ആരോപിച്ചാണ് കമ്പനികള്‍ക്കെതിരെ പരാതിയുമായി റിലയന്‍സ് ജിയോ രംഗത്തെത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നല്കുന്ന ഓഫറുകള്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് റിലയന്‍സ് ജിയോ ട്രായ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. പ്രത്യേക താരിഫ് പ്ലാനുകള്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമായി നല്‍കുന്നതിനെതിരെയാണ് പരാതി.
പൊതുവായി പ്രഖ്യാപിക്കാത്ത ഇത്തരം ഓഫറുകള്‍ ഉപയോക്താക്കളുടെ നമ്പറുകളിലേയ്ക്ക് മെസ്സേജ് ആയി നല്‍കുന്നത് നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് റിലയന്‍സിന്റെ വാദിക്കുന്നു. കൂടാതെ നമ്പര്‍ പോര്‍ട്ടബിലിറ്റി സംബന്ധിച്ചും കമ്പനികള്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും ജിയോ പറയുന്നു. ഇത്തരം കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പിഴ ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
എല്ലാ സേവനദാതാക്കളും തങ്ങള്‍ നല്കുന്ന ഓഫറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ട്രായിക്കും നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിക്കാതെയാണ് ചില പ്രത്യേക ഉപയോക്താക്കള്‍ക്ക് മാത്രം രഹസ്യമായി പ്രത്യേക ഓഫറുകള്‍ നല്‍കുന്നത്. ഇത് ഉപയോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ജിയോ ചൂണ്ടിക്കാണിക്കുന്നു. ജിയോയുടെ എതിരാളികളായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികളുമായി നിലനില്‍ക്കുന്ന പ്രത്യേക ഓഫറുകള്‍ സംബന്ധിച്ചുള്ള തര്‍ക്കം മൂര്‍ച്ഛിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ കമ്പനികളെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് ജിയോ പുതിയ നീക്കം നടത്തിയിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയിലും ടെലികോം തര്‍ക്കപരിഹാര കോടതിയിലും (ടിഡിഎസ്എടി) ഇതു സംന്ധിച്ച കേസുകള്‍ നിലവിലുണ്ട്.
Discussion about this post