ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ കൂടുതല്‍ വിദേശയാത്രകള്‍ നടത്തുകയും രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തത് മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്മോഹന് സിങ്ങാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്നാല്‍, മന്മോഹന് സിങ്ങിന്റെ യാത്രകള്‍ ആരും അറിഞ്ഞിരുന്നില്ല. അദ്ദേഹം എവിടെ പോകുന്നു എപ്പോള്‍ മടങ്ങുന്നു തുടങ്ങിയ കാര്യങ്ങള്‍ ആരും അന്വേഷിച്ചിരുന്നില്ലെന്നും അമിത് ഷാ പരിഹസിച്ചു. ഹിമാചല്‍ പ്രദേശിലെ പ്ലാംപൂരില് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
”പ്രതിപക്ഷം എപ്പോഴും മോദിയുടെ വിദേശയാത്രകള്‍ വലിയ പ്രശ്നമായി ഉയര്‍ത്തിക്കാണിക്കുന്നു. എന്നാല്‍, കണക്കുകള്‍ പ്രകാരം മന്മോഹന് സിങ്ങാണ് മോദിയേക്കാള്‍ കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്” അമിത് ഷാ പറഞ്ഞു. രാജ്യത്ത് എവിടെയുമുള്ള ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വികസനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മോദി 27 യാത്രകളിലായി 43 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. അദ്ദേഹം അവസാനമായി പോയ വിദേശരാജ്യം ജപ്പാനിലെ ടോക്കിയോ ആണ്. സന്ദര്‍ശനത്തിലൂടെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയും നയതന്ത്രതലത്തില്‍ പുതിയ നീക്കങ്ങള്‍ നടത്തുകയുമാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
Discussion about this post