ആലുവ: കൊച്ചി മെട്രൊ റെയില്‍ ഒന്നിലധികം ട്രെയിനുകള്‍ ഉപയോഗിച്ചുളള സര്‍വീസ് ട്രയല്‍ ആരംഭിച്ചു. ആലുവ മുതല്‍ പാലാരിവട്ടം വരെയുളള ഭാഗത്താണ് മുഴുവന്‍ സിഗ്നല്‍ സംവിധാനങ്ങളും ഉപയോഗിച്ചുളള പരീക്ഷണയോട്ടം. നാലു ട്രെയിനുകളാണ് ട്രയല്‍ സര്‍വീസ് നടത്തുന്നത്. രാത്രി 9.30 വരെയാണ് ട്രയല്‍ സര്‍വീസ്. വരും ദിവസങ്ങളില്‍ യാത്രക്കാരെ കയറ്റിക്കൊണ്ടുളള ട്രയല്‍ സര്‍വീസ് കൂടിയുണ്ടാകും. എല്ലാ സംവിധാനങ്ങളും പൂര്‍ണമായും തൃപ്തികരമാണെന്ന് ഉറപ്പാക്കുന്നതുവരെ സര്‍വീസ് ട്രയല്‍ തുടങ്ങും. തുടര്‍ന്ന് സര്‍വീസുകളുടെ സമയക്രമം ഉള്‍പ്പെടുത്തി ഷെഡ്യൂള്‍ തയ്യാറാക്കും.
മൂന്നുകോച്ചുളള ആറു ട്രെയിനാകും തുടക്കത്തില്‍ സര്‍വീസ് നടത്തുക. രാവിലെ ആറുമുതല്‍ രാത്രി പതിനൊന്നുവരെ പത്ത് മിനിറ്റ് ഇടവിട്ടാകും സര്‍വീസ്. തിരക്ക് കുറവുളള സമയങ്ങളില്‍ ഈ ഇടവേള ദീര്‍ഘിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്. പതിനൊന്ന് സ്റ്റേഷനുകളാണ് ഇതിനിടയിലുളളത്. മിനിമം നിരക്ക് 10 രൂപ. ആലുവ മുതല്‍ കമ്പനിപ്പടി വരെ 20 രൂപ, കളമശേരി വരെ 30 രൂപ, ഇടപ്പളളി വരെ 40 രൂപ എന്നിങ്ങനെയാണ് പ്രാഥമികമായി നിരക്കുകള്‍ നിശ്ചയിച്ചിട്ടുളളത്.
ആലുവയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 20 മിനിറ്റ് കൊണ്ട് പാലാരിവട്ടത്തെത്തും. സ്ഥിരയാത്രക്കാര്‍ക്കായി കൊച്ചി വണ്‍ കാര്‍ഡെന്ന സ്മാര്‍ട്ട് കാര്‍ഡുണ്ടാകും. ഇതുപയോഗിച്ച് യാത്ര നടത്തുന്നവര്‍ക്ക് പരമാവധി 20 ശതമാനം വരെ യാത്രാനിരക്കില്‍ ഇളവ് ലഭിക്കുമെന്നാണ് സൂചന. വിദ്യാര്‍ത്ഥികള്‍ക്ക് മെട്രൊയില്‍ ഇളവുകള്‍ നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. യാത്രാകാര്‍ഡ് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് യാത്രക്കാരെപ്പോലെ ഇളവ് ലഭിക്കുമെന്നും ബസ് യാത്രയ്ക്ക് പോലുളള കണ്സെഷന് മെട്രൊയില്‍ ഉണ്ടാവാനിടയില്ലെന്നും കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗകര്യാര്‍ത്ഥം ആയിരിക്കും ഉദ്ഘാടന തിയതി തീരുമാനിക്കുന്നത്. ഈ മാസം എന്നുവേണമെങ്കിലും ഉദ്ഘാടനം നടത്താവുന്ന വിധത്തിലാണ് മെട്രൊയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.
Discussion about this post