നാഷണല്‍ ഹെറാള്‍ഡ് കേസില്‍ യുപിഎ അധ്യക്ഷയും കോണ്‍ഗ്രസ് പ്രസഡണ്ടുമായ സോണിയ ഗാന്ധിയ്ക്കും, മകനും കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായ രാഹുല്‍ ഗാന്ധിയ്ക്കും എതിരായ അന്വേഷണത്തിന് അനുമതി നല്കി ഹൈക്കോടതി വിധി ഡോ. സുബ്രഹ്മണ്യന് സ്വാമിയ്ക്ക് വിജയമായി. കേസില്‍ ഇരുവരും അന്വേഷണം നേരിടണമെന്ന് ഡല്‍ഹി ഹൈക്കോടതി ഇന്ന് ഉത്തരവിട്ടു. ആദായ നികുതി വകുപ്പിന് അന്വേഷണം നടത്താനും അനുമതി നല്കി. ഇവരുടെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യ എന്ന കമ്പനിക്കെതിരെയാണ് കേസ്.
സോണിയാ ഗാന്ധിയും മകന് രാഹുല്‍ ഗാന്ധിയും അടങ്ങുന്ന ഒരു സംഘം, കോടികള്‍ വിലമതിക്കുന്ന അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ ചതിയിലൂടെ കൈവശമാക്കി എന്നു കാണിച്ചുകൊണ്ട്, സുബ്രഹ്മണ്യന് സ്വാമി ഡല്‍ഹി കോടതി മുമ്പാകെ 2012 നവംബര്‍ ഒന്നിന് ഒരു സ്വകാര്യ അന്യായം സമര്‍പ്പിച്ചതോടെയാണ് കേസിന് തുടക്കമായത്. കമ്പനി ഏറ്റെടുക്കലിലൂടെ, നാഷണല്‍ ഹെറാള്‍ഡ്, ഖവാമി ആവാസ്, എന്നീ പത്രങ്ങളും, ഡല്‍ഹിയിലും, ഉത്തര്‍പ്രദേശിലുമുള്ള കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂസ്വത്തുക്കളും, രാഹുലിന്റേയും, സോണിയയുടേയും കൈവശത്തിലായി എന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഡല്‍ഹിയില്‍ യങ് ഇന്ത്യ ഏറ്റെടുത്ത അസ്സോസ്സിയേറ്റഡ് ജേണല്‍സ് പ്രസ്സിന്റെ സ്ഥലം, സര്‍ക്കാര്‍ പത്രപ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ക്കായി വിട്ടുകൊടുത്തതാണെന്നും, എന്നാല്‍ അതിനു വിരുദ്ധമായി യങ് ഇന്ത്യന്‍ അവിടെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ നടത്തി എന്നും സ്വാമി പറയുന്നു ഇതിലൂടെ ലക്ഷക്കണക്കിനു രൂപാ, യങ് ഇന്ത്യന്‍ വരുമാനം എന്ന രീതിയില്‍ കൈക്കലാക്കിയെന്നാണ് സ്വാമിയുടെ വാദം. സോണിയാഗാന്ധിക്കും രാഹുലിനും പുറമെ കേസില്‍ മോത്തിലാല്‍ വോറ, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, സുമന് ദുബെ, സാം പിത്രോഡ എന്നിവരും പ്രതികളാണ്.
അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഏറ്റെടുക്കാന്‍,യങ് ഇന്ത്യന്‍ കമ്പനിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 90 കോടി ഇന്ത്യന്‍ രൂപ വായ്പ അനുവദിച്ചിരുന്നു. ഇത് ചട്ടവിരുദ്ധമെന്നും സ്വാമി ആരോപിക്കുന്നു. ഇന്ത്യയിലെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും, വാണിജ്യാവശ്യങ്ങള്‍ക്കു വേണ്ടി, വായ്പ നല്കാന് നിയമം അനുവദിക്കുന്നില്ല. അസ്സോസ്സിയേറ്റഡ് പ്രസ്സ് ഏറ്റെടുക്കാന്‍ മാത്രമാണീ വായ്പ എന്നും, ഇതിനു പുറകില്‍ യാതൊരു വാണിജ്യ താല്പര്യങ്ങളില്ലെന്നും, കോണ്‍ഗ്രസ്സ് സ്വാമിയുടെ ആരോപണങ്ങള്‍ക്കു മറുപടിയായി വ്യക്തമാക്കി. എന്നാല്‍ ഇത് നിലനില്‍ക്കില്ല എന്നാണ് സ്വാമിയുടെ വാദം.
കേസ് റദ്ദാക്കണമെന്നു കാണിച്ച്, സോണിയയും, രാഹുലും, കോടതിയില്‍ പരാതി സമര്‍പ്പിച്ചുവെങ്കിലും കോടതി ഈ ആവശ്യം തള്ളിയിരുന്നു. ഇരുവര്‍ക്കെതിരേയും, കേസെടുക്കാന്‍ പ്രഥമദൃഷ്ടിയാല്‍ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. രാഹുലിനോടും, സോണിയയോടും കോടതിയില്‍ ഹാജരായി തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ കോടതി സമ്മണ്‍സ് അയച്ചു. 2014 ഓഗസ്റ്റ് ഏഴാം തീയതിക്കു മുമ്പായി കോടതിയില്‍ ഹാജരാവാന്‍, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മോത്തിലാല്‍ വോറ, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, സുമന് ദുബേ, സത്യന് പിത്രോദ എന്നിവരോട് ഡല്‍ഹി കോടതി ജഡ്ജിയായ ശ്രീമതി. ഗോമതി മനോക്ഷ സമ്മണ്‍സ് അയച്ചു. ജനങ്ങളുടെ പണം, സ്വകാര്യമായി കയ്യടക്കാന്‍ വേണ്ടി രൂപം കൊടുത്ത ഒരു തട്ടിപ്പു കമ്പനി മാത്രമാണ് യങ് ഇന്ത്യന്‍ ലിമിറ്റഡ് എന്ന് കോടതി നിരീക്ഷിച്ചു. പ്രതിപ്പട്ടികയിലുള്ള എല്ലാവരും തന്നെ, ഈ തട്ടിപ്പിനു വേണ്ടി ഗൂഢാലോചന നടത്തി എന്നും കോടതി പ്രഥമ ദൃഷ്ട്യ കണ്ടെത്തിയിരുന്നു.
2010 നവംബര്‍ 23 ന് അഞ്ചു ലക്ഷം രൂപാ മൂലധനവുമായി തുടങ്ങിയ ഒരു കമ്പനിയാണ് യങ് ഇന്ത്യന്‍. നാഷണല്‍ ഹെറാള്‍ഡിന്റെ കെട്ടിടത്തില്‍ തന്നെയാണ് യങ് ഇന്ത്യന്റെ ഓഫീസും പ്രവര്‍ത്തിച്ചിരുന്നത്. 2010 ഡിസംബര്‍ പതിമൂന്നിന്, രാഹുല്‍ ഗാന്ധി യങ് ഇന്ത്യന്‍ കമ്പനിയുടെ ഡയറക്ടറായി നിയമിതനായി. അധികം വൈകാതെ, 2011 ജനുവരിയില്‍, സോണിയാ ഗാന്ധി, ഡയറക്ടര്‍ ബോര്‍ഡംഗമായും സ്ഥാനമേറ്റെടുത്തു. യങ് ഇന്ത്യന്‍ കമ്പനിയുടെ 76 ശതമാനം ഓഹരികളും, രാഹുല്‍ ഗാന്ധിയും, സോണിയാ ഗാന്ധിയുമാണ് കൈവശം വച്ചിരിക്കുന്നത്.12 ശതമാനം വീതം ഓഹരികള്‍ മോത്തിലാല്‍ വോറക്കും, ഓസ്കാര്‍ ഫെര്‍ണാണ്ടസിനും ഉണ്ട്.
1937 നവംബര്‍ 20 ന് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ തുടങ്ങിയ കമ്പനിയാണ് അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്. ഡെല്‍ഹി, ബഹാദൂര്‍ സഫര്‍ മാര്‍ഗിലെ ഹെറാള്‍ഡ് ഹൗസിലായിരുന്നു കമ്പനിയുടെ രജിസ്ട്രേഡ് ഓഫീസ്. ഏതാണ്ട്, അയ്യായിരത്തോളം സ്വാതന്ത്ര്യസമരസേനാനികള്‍ ഓഹരി ഉടമകളായ ഈ കമ്പനി ആരുടേയും സ്വകാര്യ സ്വത്തല്ലായിരുന്നു. 2010 സെപ്തംബര്‍ 29 ലെ കണക്കനുസരിച്ച് 1057 ഓഹരി ഉടകമള്‍ അസ്സോസ്സിയേറ്റഡ് ജേണല്‍സ് പ്രസ്സിനുണ്ടായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ഡോ. ജയലളിതയ്ക്ക് ശിക്ഷ വാങ്ങിച്ചു നല്‍കിയത് സുബ്രഹ്മണ്യന് സ്വാമിയുടെ നിയമ ഇടപടലുകളായിരുന്നു. അതിന് ശേഷം സുബ്രഹ്മണ്യന് സ്വാമി ഏറ്റെടുത്ത സുപ്രധാന കേസുകളില്‍ ഒന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ നാഷണല്‍ ഹെറാള്‍ഡ് കേസ്.
Discussion about this post