കൊച്ചി: സൈന്യത്തിനെ അധിക്ഷേപിച്ച കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സുബ്രഹ്മണ്യന് സ്വാമി എംപി. സൈന്യത്തെയും ദേശത്തെയും എതിര്‍ക്കുന്ന നിലപാടാണ് സിപിഎമ്മിന്റെത്. അതിന്റെ തെളിവാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. സിപിഎമ്മുകാരുടെ മുഖമുദ്ര ദേശവിരുദ്ധതയാണെന്നും സുബ്രഹ്മണ്യന് സ്വാമി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രൂക്ഷമായ ഭാഷയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സൈന്യത്തിനെതിരായ പരാമര്‍ശങ്ങള്‍ക്ക് സുബ്രഹ്മണ്യം സ്വാമി മറുപടി നല്‍കിയത്.
സിപിഎം സൈന്യത്തെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് കോടിയേരിയുടെതുള്പ്പെടെയുള്ള അഭിപ്രായ പ്രകടനങ്ങള്‍. കമ്യൂണിസ്റ്റുകള്‍ ദേശവിരുദ്ധരാണെന്നും കേരളത്തിലെ ജനങ്ങള്‍ സിപിഎമ്മിനെ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കന്നുകാലിക്കശാപ്പ് സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ട്. ഭരണഘടനാപരമായ അവകാശങ്ങള്‍ ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങളുണ്ടാകുക സ്വാഭാവികമാണെന്നും കന്നുകാലി വില്‍പ്പന നടത്തുന്നവര്‍ കൃഷിക്കാരാണെന്ന് ബോധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post