കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി സ്ഥാനം രാജിവെച്ച ഇ പി ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ്. അഴിമതി നിരോധനനിയമത്തിന്റെ പരിധിയില്‍ കേസ് വരില്ല. കേസിലെ അന്വേഷണം നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയില്‍ വിജിലന്‍സ് വിശദീകരണം എഴുതി നല്കി.
മുമ്പ് സ്വജനപക്ഷപാതം, അഴിമതിനിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കണ്ടെത്തിയായിരുന്നു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, നിയമനവുമായി ബന്ധപ്പെട്ട ആര്‍ക്കും സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ കേസ് അഴിമതി നിരോധന നിയമത്തിന്റെ കീഴില്‍ വരില്ലെന്നുമാണ് വിജിലന്‍സ് ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
നേരത്തെ സംസ്ഥാനസര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് കെസെടുത്ത വിജലന്‍സിന്റെ നടപടിയെ കോടതിയില്‍ ചോദ്യംചെയ്തിരുന്നു. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന് സ്വീകരിച്ചിരുന്നത്. ആ നിലപാടിലേയ്ക്ക് വിജിലന്‍സ് എത്തിച്ചേര്‍ന്നിരിക്കുകയാണ്.
ത്വരിതപരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു വിജിലന്‍സ് ഇ.പി ജയരാജനെയും പി.കെ ശ്രീമതി എംപിയുടെ മകന് സുധീര്‍ നമ്പ്യാരും അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നത്. നാളെ ഈ കേസ് കോടതിയുടെ പരിഗണനയ്ക്ക് വരും.
Discussion about this post