ബംഗളൂരു: മഴ പെയ്യാനുള്ള പൂജകളും പ്രാര്‍ത്ഥനകളും നടത്താന്‍ ലക്ഷങ്ങള്‍ അനുവദിച്ച് ഒരു സര്‍ക്കാര്‍. കര്‍ണാടകയിലാണ് ഇത്തരത്തിലുള്ള ഒരു വിചിത്രസഹായം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് മഴപെയ്യിക്കാന്‍ പൂജക്കായി 20 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. കൃഷ്ണ, കാവേരി നദിക്കരകളിലായിട്ടാണ് പൂജകള്‍. വെള്ളിയാഴ്ചയും ഞായറാഴ്ചയുമായിട്ടാണ് 10 ലക്ഷം വീതം ചെലവഴിച്ച് രണ്ടിടങ്ങളിലായി പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്തുന്നത്.
”രണ്ട് നദികളും കര്‍ണാടകയുടെ രണ്ട് കണ്ണുകളാണെന്നും സംസ്ഥാനത്തെ ആറുകോടി ജനങ്ങള്‍ ഈ നദികളെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും അതുകൊണ്ടാണ് പൂജയും പ്രാര്‍ത്ഥനയും നടത്താന്‍ സര്‍ക്കാര്‍ ഇവിടെ തെരഞ്ഞെടുത്തതെ”ന്നുമാണ് ജലവിഭവവകുപ്പ് മന്ത്രി എം ബി പട്ടേല്‍ പറയുന്നത്.
പന്തലുകള്‍ക്കും പൂജ സാമഗ്രികള്‍ക്കും, പ്രസാദത്തിനും പിന്നെ പൂജാരികളുടെ ചെലവുകളും എല്ലാമായാണ് ഇത്രയും തുക സര്‍ക്കാര്‍ അനുവദിച്ചത്. ”പൂജ നടത്തിയതില്‍ എന്താണ് തെറ്റ്.. ഗംഗാ പൂജയ്ക്കൊക്കെ സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നുണ്ടല്ലോ. ഗോദാവരി പുഷ്കര്ണിക്കും നൂറുകോടിയൊക്കെയാണ് ചെലവഴിച്ചത്. അതൊന്നും ആരും ചോദ്യം ചെയ്യുന്നില്ല. ഞങ്ങള്‍ക്ക് മഴ വേണ്ടേ… അതിന് ഞങ്ങള്‍ അതിന് മാത്രം ലക്ഷങ്ങളൊന്നും ചെലവഴിക്കുന്നില്ല.. നാലോ അഞ്ചോ ലക്ഷമാണ് ആകെ ചെലവ് വന്നിട്ടുള്ളത്. അത് നിരീക്ഷിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അവിടെയുണ്ട്. അവരത് നോക്കിക്കൊള്ളും…” എന്നാണ് പട്ടീലിന്റെ വാദം.
Discussion about this post