15 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പിന്തുണയില്‍ നഗരസഭ ഭരണം പിടിച്ച് ബിജെപി. സൗരാഷ്ട്രയിലെ മോര്‍ബി മുനിസിപ്പാലിറ്റിയിലാണ് കോണ്‍ഗ്രസിനെ ഞെട്ടിച്ച കൗണ്‍സിലര്‍മാരുടെ നിലപാട് മാറ്റം. ഇതോടെ നഗസഭയില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 52 അംഗ നഗരസഭയില്‍ 32 കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് കോണ്‍ഗ്രസ് ഭരണം നേടിയിരുന്നു. 20 സീറ്റുകളില്‍ ബിജെപിയും ജയിച്ചു.
കഴിഞ്ഞ ദിവസം നടന്ന ചെയര്മാന് വൈസ് ചെയര്മാന് തെരഞ്ഞെടുപ്പില്‍ പക്ഷേ 15 കോണ്‍ഗ്രസ് അംഗങ്ങള്‍ അപ്രതീക്ഷിതമായി ബിജെപി സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുകയായിരുന്നു. ബിജെപിയിലെ ഗീത് കന്‍സാരിയ ചെയര്‍ പേഴ്സണായും, ഭാരത് സരിയ വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. 20 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്.
ആറ് മാസം മുമ്പ് അധികാരത്തിലേറിയ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ബിജെപിയോടൊപ്പം ചേര്‍ന്ന കൗണ്‍സിലര്‍മാര്‍ നടത്തുന്നത്. ബിജെപി പണവും അധികാരവും ഉപയോഗിച്ച് അധികാരം നേടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് അംഗങ്ങള്‍ ബിജെപിയെ പിന്തുണക്കാന്‍ കാരണമെന്ന് ബിജെപി നേതാക്കളും പറയുന്നു.
സൗരാഷ്ട്രയിലെ രണ്ടാമത്തെ പ്രധാനപ്പെട്ട മുനിസിപ്പാലിറ്റിയാണ് മൊര്ബെ.
Discussion about this post