ഡല്‍ഹി: കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിന് സ്റ്റേ ഇല്ല. എന്നാല്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. പൊതുതാല്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നോട്ടീസ്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുവാനും കോടതി നിർദ്ദേശിച്ചു. കേസ് ജൂലായ് 11ന് വീണ്ടും പരിഗണിക്കും.
അതേസമയം കന്നുകാലി കശാപ്പ് പൂര്‍ണമായും ഇല്ലാതാക്കാനല്ല ഈ വിജ്ഞാപനമെന്നും കന്നുകാലി ചന്തയില്‍ നിലനില്‍ക്കുന്ന ചില മോശം പ്രവണതകള്‍ ഇല്ലാതാക്കാനാണ് ശ്രമമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത തീരുമാനം കേട്ടശേഷം നടപടിയെടുക്കാം എന്ന് കോടതി നിലപാട് എടുത്തു. വിഷയത്തില്‍ അടിയന്തിരമായി വാദം കേള്‍ക്കണം എന്ന ആവശ്യം കോടതി തള്ളി. മലയാളിയായ സാബു സ്റ്റീഫന്‍, ഓള് ഇന്ത്യ ജാമിയത്തുല്‍ ഖുറേഷ് ആക്ഷന്‍കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് അബ്ദുള്‍ ഫഹീം ഖുറേഷി എന്നിവരാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
ഭക്ഷണാവശ്യത്തിനായി മൃഗങ്ങളെ കൊല്ലുന്നത് മൃഗങ്ങളോടുള്ള ക്രൂരതതടയല്‍ നിയമത്തിലെ 11(3)(ഇ) പ്രകാരം അനുവദിച്ചിട്ടുണ്ടെന്ന് സാബു സ്റ്റീഫന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നത് തടയുന്ന പുതിയ ചട്ടം റദ്ദാക്കണം. സംസ്ഥാന മൃഗക്ഷേമബോര്‍ഡുകള്‍ പിരിച്ചുവിടണമെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.
മേയ് 23-ന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ഖുറേഷിയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാമിച്ചിരുന്നത്. ഗോരക്ഷാസംഘങ്ങളും മറ്റും കര്‍ഷകരെ ഉപദ്രവിക്കുന്നതിലേക്കും ഇത് വഴിവെയ്ക്കുമെന്നും കര്‍ഷകരുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് വിജ്ഞാപനമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിന്റെ 28-ാം വകുപ്പുപ്രകാരം മതപരമായ ആവശ്യങ്ങള്‍ക്ക് മൃഗങ്ങളെ ബലിനല്‍കുന്നത് അനുവദനീയമാണ്. അതിനാല്‍ വിജ്ഞാപനം ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post