ഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഖ്യകക്ഷികളുമായും പ്രതിപക്ഷവുമായും ചര്‍ച്ച നടത്തുന്നതിന് പാര്‍ട്ടി ചുമതലപ്പെടുത്തിയ മൂന്നംഗ ബിജെപി സമിതി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി സ്ഥാനത്തേക്ക് മല്‍സരം ഒഴിവാക്കി പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനുള്ള സാധ്യതകള്‍ തേടിയായിരുന്നു കൂടിക്കാഴ്ച. കേന്ദ്രമന്ത്രിമാര്‍ കൂടിയായ വെങ്കയ്യ നായിഡു, രാജ്നാഥ് സിങ് എന്നിവരാണ് കോണ്‍ഗ്രസ് അധ്യക്ഷയുമായി ചര്‍ച്ച നടത്താനെത്തിയത്. കൂടിക്കാഴ്ച 30 മിനിറ്റോളം നീണ്ടുനിന്നു. കൂടിക്കാഴ്ചയില്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള ആരുടെയും പേര് ചര്‍ച്ചയായില്ലെന്നാണ് റിപ്പോര്‍ട്ട്.
കൂടിക്കാഴ്ചയില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ് എന്നിവര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ‘ബിജെപി പ്രതിനിധികള്‍ ആരുടെയും പേര് മുന്നോട്ടുവച്ചില്ലെന്നും അതുകൊണ്ടുതന്നെ കൂടിക്കാഴ്ചയില്‍ സമവായത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലെന്നും’ ഇരുവരും വ്യക്തമാക്കി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സഹകരണം തേടുന്നതിന് മാത്രമായിരുന്നു കൂടിക്കാഴ്ചയെന്ന് നേതാക്കള്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥിയാകാന്‍ പരിഗണിക്കുന്നവരുടെ പേരുകള്‍ തീരുമാനിച്ചശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചാണ് ബിജെപി പ്രതിനിധികള്‍ മടങ്ങിയതെന്നും ഇവര്‍ അറിയിച്ചു.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും സമിതിയില്‍ അംഗമാണെങ്കിലും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് എത്തിയില്ല.
അതേസമയം, സോണിയയുമായി കൂടിക്കാഴ്ച നടത്തിയ വെങ്കയ്യ നായിഡുവും രാജ്നാഥ് സിങ്ങും, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കാണുന്നുണ്ട്. ബിഎസ്പി നേതാവ് മായാവതി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവരുമായും ഇവര്‍ കൂടിക്കാഴ്ച നടത്തും.
കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ ബിജെപി പട്ടികയിലുണ്ടെങ്കിലും ആരാകും സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മുവും സാധ്യതാ പട്ടികയിലുണ്ടെങ്കിലും, പ്രകടമായ ബിജെപി ചായ്വുള്ള ഇവരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അംഗീകരിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. മലയാളിയായ മെട്രോമാന് ഇ.ശ്രീധരന്റെ പേരും ബിജെപി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടെങ്കിലും സ്ഥിരീകരണമില്ല.
Discussion about this post