ഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകള്‍ക്ക് തടയിടാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. വസ്തു സംബന്ധമായ രേഖകളുടെ ഡിജിറ്റലൈസേഷന് ഓഗസ്റ്റ് 14ന് മുമ്പു പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചു.
1950 മുതലുള്ള വസ്തു, പോക്കുവരവ്, വില്പന തുടങ്ങിയവയുടെ രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റണമെന്നാണ് കേന്ദ്രസര്‍ക്കാരിനുവേണ്ടി അണ്ടര്‍ സെക്രട്ടറി ചീഫ് സെക്രട്ടറിമാര്‍ക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും അയച്ചിരിക്കുന്ന കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കൃഷിയിടങ്ങള്‍, മറ്റു വസ്തുക്കള്‍, കെട്ടിടങ്ങള്‍ എന്നി സംബന്ധിച്ചവയുടെ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വസ്തു, കെട്ടിട രേഖകളെ ഉടമസ്ഥന്റെ ആധാര്‍ രേഖയുമായി ബന്ധിപ്പിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഇതില്‍ പറയുന്നു.
ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത വസ്തുക്കളെ 2016-ല്‍ പാസാക്കിയ ബിനാമി ഇടപാടുകള്‍ തടയുന്ന നിയമത്തിന്റെ പരിധിയിലാക്കി നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസ് പരിഗണിക്കുമെന്നും അറിയിക്കുന്നു.
Discussion about this post