മുംബൈ: ഞായറാഴ്ച ജെറ്റ് എയര്‍വേസ് വിമാനത്തിനുള്ളില്‍ പിറന്ന കുഞ്ഞിന് ജീവിതകാലം മുഴുവന്‍ ഇനി ജെറ്റ് എയര്‍വേസില്‍ സൗജന്യയാത്ര. ജെറ്റ് എയര്‍വേസ് വിമാനത്തില്‍ പിറന്ന കുട്ടിയെന്ന നിലയ്ക്കാണ് അധികൃതര്‍ അത്തരത്തിലുള്ള തീരുമാനമെടുത്തത്.
ഞായറാഴ്ചയാണ് ദമാമില്‍ നിന്ന് കൊച്ചിയിലേക്കു വന്ന ജെറ്റ് എയര്‍ വേസിന്റെ 569 നമ്പര്‍ വിമാനത്തിനുള്ളില്‍ യുവതി പ്രസവിച്ചത്. വിമാനയാത്രയ്ക്കിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഇക്കണോമി ക്ലാസില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ പിന്നീട് ഫസ്റ്റ് ക്ലാസിലെത്തിച്ചു. വിമാനത്തില്‍ യാത്രക്കാരായി ഡോക്ടര്‍മാര്‍ ആരും ഇല്ലായിരുന്നു
വിമാനക്കമ്പനി ജീവനക്കാരും യാത്രക്കാരിയായ നഴ്സും ചേര്‍ന്നാണ് യുവതിക്കു പരിചരണം നല്‍കിയത്. പിന്നീടു യുവതി പ്രസവിച്ചു. പാക്കിസ്ഥാനിലെ കറാച്ചിക്കു മുകളിലൂടെ സഞ്ചരിക്കുമ്പോഴാണു പ്രസവം നടന്നതെന്നു വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരോടു പറഞ്ഞിരുന്നു
ഏതാണ്ട് ഒന്നര മണിക്കൂറിനുശേഷം വിമാനം മുംബൈയിലിറക്കി. വിമാനത്താവളത്തില്‍ തയാറായി നിന്നിരുന്ന ആംബുലന്‍സില്‍ പിന്നീട് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. യുവതിക്കും കുഞ്ഞിനും ആരോഗ്യസംബന്ധമായി കുഴപ്പമൊന്നുമില്ലെന്നും എന്നാല്‍, യാത്ര തുടരുന്നത് സുരക്ഷിതമല്ലെന്നും അധികൃതര്‍ പറഞ്ഞു. യുവതിക്കൊപ്പം മറ്റാരുമുണ്ടായിരുന്നില്ല. അതിനാല്‍ അവരുടെ പേരുവിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു.
യുവതിയുടെ ടിക്കറ്റിലെ വിവരങ്ങള്‍വച്ചു ബന്ധുക്കളെ ബന്ധപ്പെടുമെന്നു വിമാനക്കമ്പനി ജീവനക്കാര്‍ യാത്രക്കാരെ അറിയിച്ചു. രണ്ടു മണിക്കൂറോളം മുംബൈ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനം പതിനൊന്നേകാലോടെ കൊച്ചിയിലേക്കു തിരിച്ചു.
Discussion about this post