തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. അനാവശ്യ പ്രസ്താവനകള്‍ ഇറക്കി സര്‍ക്കാരിനെ കുഴപ്പത്തിലാക്കുന്നത് നിര്‍ത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബുധനാഴ്ച മന്ത്രിസഭായോഗത്തിന് തൊട്ടുമുന്‍പാണ് കടകംപള്ളിയോട് മുഖ്യമന്ത്രി സംസാരിച്ചത്.
കടകംപള്ളിയുടെ വീഴ്ചകള്‍ അക്കമിട്ടുനിരത്തിയ മുഖ്യമന്ത്രി മന്ത്രിമാരാകാന്‍ യോഗ്യരായ നിരവധി പേര് പാര്‍ട്ടിയിലുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു. മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കടകംപള്ളി ഉണ്ടാക്കിയ വിവാദം ചടങ്ങിന്റെ ശോഭ കെടുത്തിയെന്നും ബിജെപിക്കും കുമ്മനത്തിനും വലിയ ശ്രദ്ധ കിട്ടിയതായും പിണറായി ഓര്‍മിപ്പിച്ചു.
കുമ്മനം രാജശേഖരനെ കളിയാക്കാനിട്ട ഫേസ്ബുക്ക് പോസ്റ്റ് തന്നെയും ആഭ്യന്തരവകുപ്പിനേയും പ്രതിക്കൂട്ടിലാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. കുമ്മനം യാത്രചെയ്തതില്‍ സുരക്ഷാവീഴ്ച ഉണ്ടെങ്കില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന ബിജെപി ആവശ്യത്തിന് മറുപടി ഉണ്ടോ എന്നും കടകംപള്ളിയോട് പിണറായി ചോദിച്ചു. മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്നില്ലെന്ന തരത്തില്‍ പ്രസ്താവന ഇറക്കുകയും അതു തിരുത്തുകയും ചെയ്തത് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. ശൃംഗേരി മഠാധിപതിക്ക് ഇട്ട ഇരിപ്പിടം എടുത്തുമാറ്റിയ നടപടിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. അനാവശ്യ നടപടിയായിരുന്നുവെന്നും പാര്‍ട്ടിക്കോ സര്‍ക്കാരിനോ എന്തുഗുണം കിട്ടി എന്നുമുള്ള മുഖ്യമന്ത്രിയുടെ ചോദ്യത്തിനുമുന്നില്‍ കടകംപള്ളിക്ക് ഉത്തരംമുട്ടി. അധികാരം ഏറ്റെടുത്തശേഷം ആദ്യം കടകംപള്ളി നടത്തിയ പ്രസ്താവന തന്നെ വിവാദമായിരുന്നു.
അതിരപ്പള്ളി, ചീമേനി പദ്ധതികള്‍ നടപ്പിലാക്കണമെന്ന പ്രസ്താവനകള്‍ക്കെതിരെ ഭരണകക്ഷികളില്‍ നിന്നുതന്നെ ശക്തമായ വിമര്‍ശനം വന്നു. തുടര്‍ന്ന് പ്രസ്താവന തിരുത്തി ഫേസ് ബുക്ക് പോസ്റ്റ് ഇടേണ്ടിവന്നു. കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍എസ്എസ് ആയുധപ്പുരകളാകുന്നു എന്ന കടകംപള്ളിയുടെ പ്രസ്താവനയും വെട്ടിലാക്കിയത് ആഭ്യന്തരവകുപ്പിനെയാണ്.
ആയുധങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കില്‍ ഏത് ക്ഷേത്രത്തിലെന്ന് പറയണമെന്നും കേസെടുക്കണമെന്നും ആര്‍എസ്എസ് തന്നെ ആവശ്യപ്പെട്ടു. പെറ്റിക്കേസുപോലും ഇതേവരെ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഭൂമി ഇടപാടുകളും അഴിമതി ആരോപണവും നേരിട്ടതിനെ തുടര്‍ന്ന് കടകംപള്ളിയുടെ പേഴ്സണല്‍ സ്റ്റാഫിനെ പിരിച്ചുവിടേണ്ട സാഹചര്യവും ഉണ്ടായി.
Discussion about this post