കൊച്ചി: ടോമിന് തച്ചങ്കരിയെ ന്യായീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. എഡിജിപി നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതിക്കാരന് ഈ നിയമനത്തെ ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. നിയമപരമായാണ് നടപടിയെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്കി.
തച്ചങ്കരിയുടെ നിയമനം സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണ്. സര്‍വീസ് കാര്യമായതിനാല്‍ മൂന്നാമതൊരാള്‍ക്ക് ഈ നിയമനത്തെ ചോദ്യംചെയ്യാന്‍ നിയമപരമായ അവകാശമില്ലെന്നും ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
തച്ചങ്കരിക്കെതിരായ കേസുകളുടെയും വകുപ്പുതല അന്വേഷണങ്ങളുടെയും വിശദാംശങ്ങള്‍ സത്യവാങ്മൂലത്തിനൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. തച്ചങ്കരിക്കെതിരെ രണ്ട് വിജിലന്‍സ് കേസുകളും ത്വരിതപരിശോധനയും അടക്കമുള്ളവ നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ടോമിന് തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ ഭരണനിര്‍വ്വഹണ ചുമതലയുള്ള ഡിജിപിയായി നിയമിച്ചതും ചോദ്യംചെയ്തുകൊണ്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജ്ജിയില്‍ ടോമിന് തച്ചങ്കരിക്കെതിരെ നിലനില്‍ക്കുന്ന കേസുകള്‍ സംബന്ധിച്ചും ഡിപ്പാര്‍ട്ട്മെന്റ് തല അന്വേഷണം സംബന്ധിച്ചുമുള്ള വിവരങ്ങള്‍ രേഖാമൂലം നല്കാന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
നിരവധി കേസുകളില്‍ പ്രതിയും ആരോപണങ്ങള്‍ നേരിടുന്ന ആളുമാണ് തച്ചങ്കരിയെന്നും അങ്ങനെയുള്ള ഒരാളെ പോലീസ് ആസ്ഥാനത്തെ തന്ത്രപ്രധാനമായ ഒരു പോസ്റ്റില്‍ ഇരുത്തുന്നത് ശരിയല്ലെന്നും സ്ഥാനത്തുനിന്ന് നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പോലീസ് മേധാവിയെ നിരീക്ഷിക്കാന്‍ വേണ്ടിയാണ് തച്ചങ്കരിയെ ഈ തസ്തകയില്‍ നിയമിച്ചതെന്നും ഹര്‍ജ്ജിയില്‍ ആരോപിച്ചിരുന്നു.
Discussion about this post