ഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ കോള്‍ നിരക്കുകള്‍ 10 മുതല്‍ 15 ശതമാനംവരെ വര്‍ധിപ്പിക്കാന്‍ സാധ്യത. ടെലികോം സ്പെക്ട്രം ലേലം ഉയര്‍ന്നനിരക്കില്‍ എത്തിയത് കോള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നിര്‍ബന്ധിതരാക്കുന്നത്. 9 ദിവസം നീണ്ട ലേലം ബുധനാഴ്ചയാണ് പൂര്‍ത്തിയായത്. ലേലത്തില്‍ സര്‍ക്കാരിന് 1.10 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. 80,000 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്താണിത്. 11,09,874 കോടി രൂപയുടെ ബിഡ്ഡുകളാണ് സര്‍ക്കാറിന് ലഭിച്ചിരിക്കുന്നത്.
201516 കാലത്ത് ലൈസന്‍സ് കാലാവധി തീരുന്ന ഐഡിയ സെല്ലുലാറിന്റെ ഒമ്പത് ലൈസന്‍സുകള്‍, റിലയന്‍സ്, വോഡഫോണ്‍ എന്നിവയുടെ ഏഴുവീതം ലൈസന്‍സുകള്‍, ഭാരതി എയര്‍ടെല്ലിന്റെ ആറ് ലൈസന്‍സുകള്‍ എന്നിവയും ലേലത്തില്‍ ഉള്‍പ്പെട്ടിരുന്നു. 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ് ബാന്‍ഡില്‍ ഉള്‍പ്പെട്ട സ്പെക്ട്രമാണ് കൂടുതലും ലേലത്തില്‍ ഉണ്ടായിരുന്നത്. 2014ല്‍ ലേലത്തില്‍ പോകാതിരുന്ന 1800 മെഗാഹെര്‍ട്സും 2013ല്‍ വിറ്റുപോകാതിരുന്ന സിഡിഎംഎ ബാന്‍ഡ് ഫ്രീക്വന്‍സികളും ഇത്തവണ ലേലത്തിലുണ്ടായിരുന്നു.
ഈ വിഭാഗത്തില്‍ ആകെ 380.75 മെഗാഹെര്‍ട്സ് സ്പെക്ട്രം ആണ് വില്പനയ്ക്ക് െവച്ചിരുന്നത്. കൂടാതെ 2100 മെഗാഹെര്‍ട്സ് ബാന്‍ഡില്‍ അഞ്ച് മെഗാഹെര്‍ട്സ് സ്പെക്ട്രവും വിറ്റുപോയി. 3ജി സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് ഈ ബാന്‍ഡ്.
ഐഡിയ, എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ കാലാവധി തീരുന്ന ലൈസന്‍സുകള്‍ നിലനിര്‍ത്തുന്നതിനാണ് മുഖ്യമായും ലേലത്തിലൂടെ ശ്രമിച്ചത്. അതേസമയം, റിലയന്‍സ് ജിയോ, ടാറ്റ ടെലി സര്‍വീസസ്, ടെലിവിങ്സ് (യൂണിനോര്‍), എയര്‍സെല്‍ എന്നിവ പുതിയ ലൈസന്‍സിനായി ശ്രമം നടത്തി.
ലേലത്തിന്റെ നിബന്ധനകള്‍ പ്രകാരം 2100 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ് ബാന്‍ഡില്‍ ലേലത്തുകയുടെ 30 ശതമാനവും 900 മെഗാഹെര്‍ട്സ്, 800 മെഗാഹെര്‍ട്സ് ബാന്‍ഡില്‍ 25 ശതമാനം തുകയും ലേലം അവസാനിച്ച് പത്ത് ദിവസത്തിനകം നല്‍കണം. സ്പെക്ട്രം ലഭിച്ച കമ്പനികള്‍ ബാക്കി തുക പന്ത്രണ്ട് വര്‍ഷത്തിനകം കൊടുത്തുതീര്‍ക്കണം. 10 വര്‍ഷത്തെ ഇന്‍സ്റ്റാള്‍മെന്റുകളായാണ് തുക നല്‍കേണ്ടത്. ഇതിനൊപ്പം രണ്ട് വര്‍ഷത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post