ഹാംബര്‍ഗ്: ഇന്ത്യയില്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ നടപടി അഴിമതിക്കാര്‍ക്ക് കടുത്ത പ്രഹരമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ആഗോള വികസനവും വ്യാപാരവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രസ്താവിച്ചത്.
കള്ളപ്പണം, അഴിമതി എന്നിവയെ ഇല്ലാതാക്കാനും ഡിജിറ്റല്‍ ഇടപാടുകള്‍ സാര്‍വത്രികമാക്കാനും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ വളര്‍ത്താനും നോട്ട് അസാധുവാക്കല്‍ നടപടി സഹായിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരായ പോരാട്ടം ഇന്ത്യയില്‍ തുടരുകയാണ്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിന് രാജ്യങ്ങള്‍ക്കിടയില്‍ ഒരു ആഗോള സംവിധാനം നിലവില്‍ വരുന്നത് കള്ളപ്പണത്തിന്റെയും അനധികൃത പണമിടപാടുകളുടെയും വിനിമയം ഇല്ലാതാക്കുമെന്നും മോദി ചൂണ്ടിക്കാട്ടി.
ദാരിദ്ര്യം, അസമത്വം എന്നിവ ഇല്ലാതാക്കുകയും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തുകൊണ്ടുള്ള സുസ്ഥിര വികസനമാണ് വേണ്ടത്. വികസനം എന്ന ലക്ഷ്യത്തോടെ ഇന്ത്യ നടപ്പാക്കുന്നത് പദ്ധതികളാണ് സ്കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയവയും മറ്റു സാമ്പത്തിക പരിഷ്കരണങ്ങളും. ലോകം നേരിടുന്ന എല്ലാ പ്രമുഖ വിഷയങ്ങളും പരിഹരിക്കുന്നതിന് ജി-20 നേതൃത്വം തയ്യാറാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2019ഓടുകൂടി 10 കോടി കുടുംബങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റുക, 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക, 50 കോടി യുവാക്കള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇന്ത്യയുടെ മുന്നിലുള്ള പ്രധാന പരിഗണനാ വിഷയങ്ങളെന്ന് മോദി ജി-20 ഉച്ചകോടിയില്‍ പറഞ്ഞു.
Discussion about this post