ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി. മൂന്നു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷം വിധിപറയുമെന്ന് കോടതി വ്യക്തമാക്കി.
മജിസ്ട്രേറ്റിന്റെ ചേംബറിലാണ് ദിലീപിനെ ഹാജരാക്കിയത്. പോലീസിന്റെ കസ്റ്റഡി അപേക്ഷയാണ് ഇന്ന് കോടതി ആദ്യം പരിഗണിച്ചത്. അഡ്വ. രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരായത്.
11 മണിക്ക് തുറന്നകോടതിയിലാണ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വിട്ട നിലയ്ക്ക് പ്രാഥമിക വാദം മാത്രമാണ് കോടതി കേട്ടത്. അന്വേഷണത്തോട് ഏതു തരത്തിലും സഹകരിക്കാന്‍ തയ്യാറാണെന്നും അതുകൊണ്ട് ജാമ്യം നല്‍കണമെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. വ്യക്തിവൈരാഗ്യം മൂലം കെട്ടിപ്പൊക്കിയ കഥയാണിതെന്നും ദിലീപിന്റെ അഭിഭാഷകന് അഡ്വ. രാംകുമാര്‍ കോടതിയില്‍ വാദിച്ചു.
കസ്റ്റഡിയില്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണ്. കൊച്ചിയിലെ അബാസ് പ്ലാസ ഹോട്ടല്‍, തൃശ്ശൂരിലെ ടെന്നീസ് ക്ലബ്ബ് തുടങ്ങിയ ഇടങ്ങളില്‍ ദിലീപിനെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അന്വേഷണ സംഘം ദിലീപിനെ തുടര്‍ന്നും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കാനും സാധ്യതയുണ്ട്. രണ്ടു ദിവസത്തിനു ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കുമ്പോഴാണ് ഇക്കാര്യത്തില്‍ കോടതി തീരുമാനം പറയുക.
ആലുവ സബ്ജയിലില്‍ നിന്ന് രാവിലെ 10.25ഓടെയാണ് ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചത്. അഞ്ച് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ദിലീപിനെ സബ്ജയിലില്‍നിന്ന് കോടതിയിലെത്തിച്ചത്.
അതേസമയം ദിലീപിനെ കാണാന്‍ സഹോദരന് അനൂപ് കോടതിയിലെത്തി.
Discussion about this post