ഡല്‍ഹി: മാവോയിസ്റ്റുകള്‍ താണ്ഡവമാടുന്ന സുക്മയിലേക്ക് 2000 കോബ്ര കമാന്‍ഡോകളെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സിആര്‍പിഎഫ്-ബിഎസ്എഫ് ബറ്റാലിയനുകളെ പുനര്‍വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. ഈയടുത്ത് സുക്മയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് കര്‍ശനനടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
പശ്ചിമ ബംഗാള്‍, ബീഹാര്‍, തെലങ്കാന, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്ന 20 മുതല്‍ 25 വരെ കമ്പനികളെ കൂടി സുക്മ ഉള്‍പ്പെടുന്ന ബസ്തര്‍ മേഖലയിലേക്ക് പുനര്‍ വിന്യസിക്കും. ഒരു കമ്പനിയില്‍ നൂറു കോബ്ര കമാന്‍ഡോകള്‍ ഉണ്ടാകും. മാവോയിസ്റ്റുകള്‍ക്കെതിരെ പോരാടാന്‍ പ്രത്യേക പരിശീലനം കിട്ടിയ കമാന്‍ഡോകളാണ് കോബ്രകള്‍. വനമേഖലകളിലും മറ്റും പ്രതിരോധമൊരുക്കാന്‍ തക്ക രീതിയില്‍ പരിശീലനം നേടിയവരാണ് ഇവര്‍. ഇന്നലെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ചുവപ്പന്‍ ഭീകരത അനുഭവിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.
കോബ്രകള്‍ക്ക് വ്യോമസേനയുടെ സഹായവും കൂടുതല്‍ ലഭ്യമാക്കും. ഐഇഡി ഉപകരണങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും നിര്‍വീര്യമാക്കാനും പരിശീലനം സിദ്ധിച്ചവരെ കൂടുതലായി ഈ മേഖലയിലെ ബറ്റാലിയനുകളില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post