കോഴിക്കോട്: പ്രണയിച്ചു വിവാഹം കഴിച്ച ശേഷം ഇപ്പോള്‍ മതം മാറാന്‍ ആവശ്യപ്പെട്ട് മാനസീകമായും ശാരീരികമായും പീഡിപ്പിക്കുന്നെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെ പോലീസ് പിടികൂടി. ചേന്ദമംഗല്ലൂര്‍ സ്വദേശി മുസഌം യുവാവിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മുക്കം സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിന്റെ മതംമാറ്റ നീക്കത്തിനെതിരേ പോലീസിനെ സമീപിച്ചത്.
ഇസഌമിക വിശ്വാസിയായ അഹമ്മദ് നബീലുമായി ഏറെ നാളായി പ്രണയത്തില്‍ ആയിരുന്ന യുവതി ഇയാളുമായി റജിസ്റ്റര്‍ വിവാഹം ചെയ്തതായിട്ടാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ഒക്ടോബറില്‍ നാടുവിട്ടു പോകുകയും ഈ വര്‍ഷം ഫെബ്രുവരിയില്‍ വിവാഹം ചെയ്യുകയും ആയിരുന്നു. എന്നാല്‍ വിവാഹത്തിന് പിന്നാലെ ഏറെ താമസിയാതെ തന്നെ ഇസഌമതത്തില് ചേരാന്‍ ഭര്‍ത്താവിന്റെ നിര്‍ബ്ബന്ധം തുടങ്ങി. ഇതിനായി നബീല്‍ ഭാര്യയെ മഞ്ചേരിയിലെ മതപരിവര്‍ത്തന സ്ഥാപനത്തില്‍ പ്രവേശിപ്പിച്ചെന്നും ഇവിടെ കടുത്ത ശാരീരികമാനസീക പീഡനങ്ങള്‍ക്ക് ഇരയായതായും പരാതിയില്‍ പറയുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ യുവതിയെ ഒരു ക്വാര്‍ട്ടേഴ്സില്‍ തടവില്‍ പാര്‍പ്പിച്ചു. എന്നാല്‍ ഇവിടെ നിന്നും യുവതി സ്വന്തം മാതാപിതാക്കളുമായി ഫോണില്‍ ബന്ധപ്പെടുകയും അവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി യുവതിയെ ക്വാര്‍ട്ടേഴ്സില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു.
നിര്‍ബ്ബന്ധിത മതപരിവര്‍ത്തനവും ശാരീരിക പീഡനവും അന്യായമായി തടവില്‍ പാര്‍പ്പിക്കലും ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകിട്ടാണ് യുവതി മുക്കം പോലീസില്‍ പരാതി നല്‍കിയത്. അതേസമയം വിവാഹത്തിന് പിന്നാലെ യുവതിയെ വിദേശത്തേക്ക് കടത്താനും ശ്രമം നടന്നതായി യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
Discussion about this post