കാസര്‍ഗോഡ്: നഴ്സുമാരുടെ സമരത്തിനെതിരെ സിപിഎം തൊഴിലാളി സംഘടന രംഗത്ത്. കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന് സിഐടിയു ആണ് സമരം ചെയ്യുന്ന നഴ്സുമാരെ വിമര്‍ശിച്ചു കൊണ്ട് വ്യാപകമായി ലഘുലേഖകള്‍ ഇറക്കുന്നത്.
അതേസമയം തൊഴിലാളികളോടൊപ്പം നില്‍ക്കേണ്ട സിഐടിയു തങ്ങള്‍ക്കെതിരെ തിരിഞ്ഞത് നഴ്സുമാര്‍ക്കിടയിലും കടുത്ത പ്രതിഷേധമുണ്ടാക്കുകയാണ്.
സമരം ചെയ്യുന്ന നഴ്സുമാരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടാണ് സിപിഎം തൊഴിലാളി സംഘടനയായ സിഐടിയു ലഘുലേഖ വിതരണമാരംഭിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്സിഐടിയുവിന്റെ പേരിലാണ് നഴ്സുമാര്ക്കിടയില് ലഘുലേഖ പ്രചരിപ്പിക്കുന്നത്. ന്യായമായ സമരത്തോട് മാത്രമേ യോജിക്കാനാവൂ എന്നതാണ് ലഘുലേഖയുടെ തലക്കെട്ട്.
കേരളത്തിലെ സ്വകാര്യാശുപത്രി മേഖലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേജസ് നടപ്പിലാക്കുന്നതിന് നിയമപരമായ മാനദണ്ഡങ്ങളുണ്ട്. മിനിമം വേജസ് കമ്മറ്റിയിലെ ശമ്പള പരിഷ്കരണം സമ്മര്‍ദ്ദ തന്ത്രമുണ്ടാക്കി നേടാന്‍ കഴിയുന്നതല്ല. ശമ്പള പരിഷ്കരണ കമ്മറ്റിയില്‍ അഭിപ്രായങ്ങള്‍ പറയാതെ എല്ലാം തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും ലഘുലേഖയിലൂടെ സിഐടിയു വിമര്‍ശനമുന്നയിക്കുന്നു. ആവശ്യപ്പെടുന്നതെല്ലാം മാനേജ്മെന്റിന് തരാന്‍ കഴിയുമെങ്കില്‍ സമരം 6 മാസം മുമ്പ് തന്നെ തീരുമായിരുന്നു എന്ന ലഘുലേഖയിലെ പ്രസ്താവനയിലൂടെ സിഐടിയു മാനേജ്മെന്റ് പക്ഷത്താണെന്ന് വ്യക്തമാവുകയാണ്.
ഗവണ്മെന്റ് നടപടികളെ വെല്ലുവിളിച്ചു കൊണ്ട് നടക്കുന്ന സമരം സാമൂഹ്യ മനസ്സാക്ഷിയോടുള്ള വെല്ലുവിളിയാണെന്നും ലഘുലേഖ അനുശാസിക്കുന്നുണ്ട്. സര്‍ക്കാരിനെ അസഭ്യം പറയുന്ന സമരക്കാര്‍ എല്ലാം നേര്‍വഴിക്ക് നയിക്കുന്ന സിഐടിയുവിനെയും പഴിപറയുകയാണ്. സ്വന്തം സംഘടന വളര്‍ത്താനുള്ള കുശാഗ്ര ബുദ്ധി കൊണ്ടാകാം ഇപ്രകാരം ചെയ്യുന്നതെന്ന് ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷനെ പേരെടുത്ത് പറയാതെ ലഘുലേഖ വിമര്‍ശിക്കുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഒറ്റക്കെട്ടായി തങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട തൊഴിലാളി സംഘടന ഇപ്രകാരം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് നഴ്സുമാര്ക്കിടയില് കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
Discussion about this post