ആലപ്പുഴ: നോക്കുകൂലി ബഹിഷ്കരിക്കാന്‍ പ്രകടനം നടത്തിയ സി.ഐ.ടി.യു.നേതാവിന്റെ നേതൃത്വത്തില്‍ത്തന്നെ വീട്ടുകാര്‍ വീട്ടുസാധനങ്ങള്‍ മാറ്റുന്നത് തടഞ്ഞു. 1000 രൂപ ആവശ്യപ്പെട്ടാണ് തടസ്സപ്പെടുത്തിയത്. സഹായത്തിന് വിളിച്ച പോലീസും യൂണിയന്‍കാര്‍ക്ക് പണം നല്‍കണമെന്ന് നിര്‍ദേശിച്ചു. വിവാദമായതിനെത്തുടര്‍ന്ന് മേഖലാ നേതാക്കള്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ആലപ്പുഴ പഴവീട് കണിയാംകുളം റോഡിന് സമീപമാണ് സംഭവം.
തത്തംപള്ളി ഗ്രേസ് ഭവനില്‍ ക്രിസ്റ്റഫര്‍ ദേവസിങ്ങും കുടുംബവും വീടുപണികാരണം ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പുതിയ വീട്ടിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകാനൊരുങ്ങിയപ്പോഴാണ് തടസ്സപ്പെടുത്തിയത്. വീട്ടുപകരണങ്ങളും അലമാരയും ക്രിസ്റ്റഫറും ഭാര്യയും സഹോദരങ്ങളും ചേര്‍ന്ന് പെട്ടിഓട്ടോയില്‍ കയറ്റി. ഈ സമയം സ്ഥലത്തെത്തിയ സി.ഐ.ടി.യു.നേതാവ് സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ളവരും എ.ഐ.ടി.യു.സി.പ്രവര്‍ത്തകരും 1000 രൂപ ആവശ്യപ്പെട്ടു. പണിയെടുക്കാത്തവര്‍ക്ക് പണം നല്‍കില്ലെന്ന് ക്രിസ്റ്റഫര്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് യൂണിയന്കാര് വണ്ടി തടയുകയും കയറ്റിയ സാധനങ്ങള്‍ ഇറക്കിവയ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ക്രിസ്റ്റഫര്‍ പോലീസില്‍ വിവരമറിയിച്ചു. സൗത്ത് പോലീസ് സംഘം സ്ഥലത്തെത്തി. അവരും യൂണിയന്‍കാര്‍ക്ക് പണംനല്‍കി സാധനങ്ങള്‍ കൊണ്ടുപോകാനുള്ള ഉപദേശം നല്കി സ്ഥലംവിട്ടു. എന്നാല്‍, പണം നല്‍കിയില്ല. ലോഡ് കയറ്റാന്‍ വാഹനങ്ങളെത്തുന്നത് യൂണിയന്കാര് തടഞ്ഞു. ഇതിനെത്തുടര്‍ന്ന് ക്രിസ്റ്റഫര്‍ സ്വന്തം കാറില്‍ അരിയും കിടക്കവിരിയുമെല്ലാം കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴും തൊഴിലാളികളെത്തി തടഞ്ഞു. ക്രിസ്റ്റഫറുമായി ഉന്തുംതള്ളും ഉണ്ടാക്കുകയും ചെയ്തു. സംഘര്‍ഷവിവരം അറിയിച്ചിട്ടും പോലീസ് വന്നുനോക്കിയതല്ലാതെ സംരക്ഷണം നല്‍കിയില്ല. നോക്കുകൂലിയല്ല ചോദിച്ചതെന്ന് സന്തോഷ്കുമാര്‍ പറഞ്ഞു. ചോദിക്കാതെ ലോഡ് കയറ്റിക്കൊണ്ടുപോയതിനാലാണ് തടഞ്ഞത്.
നോക്കുകൂലിയെ എതിര്‍ത്ത് ശനിയാഴ്ച പ്രകടനം നടത്തിയയാളാണ് താനെന്നും സന്തോഷ്കുമാര്‍ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സി.ഐ.ടി.യു. മേഖലാ കണ്‍വീനര്‍ ഉത്തമന് തൊഴിലാളികളുമായും വീട്ടുകാരുമായും ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. യൂണിയന്‍കാര്‍ക്ക് പണം നല്കാതെതന്നെ ക്രിസ്റ്റഫര്‍ സാധനങ്ങള്‍ കൊണ്ടുപോകുകയും ചെയ്തു.
വീട്ടുസാധനങ്ങള്‍ കയറ്റുന്നതും ഇറക്കുന്നതും തടയാന്‍ ചുമട്ടുതൊഴിലാളിക്ക് അവകാശമില്ലെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ ആര്.ഹരികുമാര്‍ പറഞ്ഞു. ഇത് ചുമട്ടുതൊഴിലാളി നിയമപരിധിയില്‍ വരുന്നതല്ല. വീട്ടുസാധനങ്ങള്‍ കയറ്റിയിറക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഉടമയ്ക്ക് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post