തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിക്കെതിരെ ബിജു രമേശ് വിജിലന്‍സിന് നല്‍കാനിരുന്ന തെളിവുകള്‍ ഇന്ന് കൈമാറും. ധനമന്ത്രി കെഎം മാണിക്ക് 30 കോടി രൂപ നല്കാന് തീരുമാനിച്ചതിന്റെ കണക്കുകള്‍ വ്യക്തമാക്കുന്ന ബാറുടമകളുടെ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് കൈമാറുന്നത്.
കൊച്ചിയിലെ പാലാരിവട്ടത്തുള്ള ഒരു ഹോട്ടലില്‍ ചേര്‍ന്ന ബാര്‍ അസോസിയേഷന്റെ സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന്റെ രണ്ടര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് ഇത്.
മാണിക്ക് നല്കാന് നിശ്ചയിച്ചിരുന്നത് 30 കോടി രൂപയാണെന്ന് ബാറുടമകളുടെ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാരിന്റെ ആദ്യ തീരുമാനം നിലവാരമില്ലാത്ത എല്ലാ ബാറുകളും അടച്ചു പൂട്ടാനായിരുന്നു. തുടര്‍ന്ന് ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കുന്നതിനു വേണ്ടി പണം നല്കാന് ബാറുടമകള്‍ തീരുമാനിച്ചു.
25 കോടി രൂപ നല്‍കാനായിരുന്നു ആദ്യ തീരുമാനം. ബാറുടമകളുടെ അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ ഭാരവാഹിയായ ചൈനാ സുനില്‍ അഞ്ച് കോടി നല്കാന് തയ്യാറായതോടെ മാണിക്ക് 30 കോടി രൂപ നല്കാന് തീരുമാനമായി. ഇതിന്റെ ആദ്യഘട്ടമായി കൊച്ചി നെടുമ്പാശേരിയില്‍ വെച്ച് രണ്ടു കോടി രൂപ കൈമാറി.
ജോമോന്, അനിമോന് എന്നിവരുള്‍പ്പെടെ മൂന്നു പേരാണ് പണം കൈമാറിയത്. ഇതിനു ശേഷമാണ് 312 ബാറുകള്‍ തുറക്കാന്‍ തീരുമാനമായത്. പണം നല്കാത്തവരുടെ 418 ബാറുകള്‍ പൂട്ടാനും തീരുമാനിച്ചു.
രണ്ടാം ഘട്ടമായി അഞ്ചു കോടി രൂപയുമായി മാണിയുടെ പാലായിലെ വീട്ടിലെത്തി . രാത്രി ഒരു മണിക്ക് അനിമോനാണ് പണവുമായി എത്തിയത്. എന്നാല്‍ അന്ന് പണം നല്‍കാതെ മടങ്ങിയെന്നുമാണ് സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്നത്.
Discussion about this post