ഡല്‍ഹി: 2019-ല്‍ നടക്കാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനായി ബിജെപി പ്രവര്‍ത്തന പദ്ധതി തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. മിഷന് 350 പ്ലസ് എന്ന ലക്ഷ്യമാണ് ബിജെപി തയ്യാറാക്കുന്നത്. ലോകസ്ഭയില്‍ 350 സീറ്റിലേറെ നേടാനുള്ള ലക്ഷ്യമാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ തയ്യാറാക്കുന്നത്. 150 പാര്‍ലമെന്റ് സീറ്റുകളില്‍ പ്രത്യേകമായ പ്രവര്‍ത്തനങ്ങളും നീക്കങ്ങളുമുണ്ടാകും.
പുതിയതായി പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട സീറ്റുകളാകും ഇവ. ഇന്ന് നടന്ന പാര്‍ട്ടി കോര്‍കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെട്ട യോഗത്തിലാണ് തന്റെ പ്രവര്‍ത്തന പദ്ധതി അമിത് ഷാ വിശദീകരിച്ചതെന്നാണ് വിവരം. എട്ട് കേന്ദ്രമന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ പദ്ധതിയുടെ അവതരണം നടന്നു. സംസ്ഥാനങ്ങളിലെ സപാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തിരഞ്ഞെടുപ്പ് പദ്ധതിക്ക് അന്തിമ രൂപം നല്‍കിയിരിക്കുന്നത്. മാത്രമല്ല വിവിധ സംസ്ഥാനങ്ങളില്‍ അമിത് ഷാ നടത്തിയ യാത്രകളില്‍ ശേഖരിച്ച വിവരങ്ങളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ഉന്നത പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ അഞ്ച് ലോക്സഭാ സീറ്റുകള്‍ അടങ്ങുന്ന ക്ലസ്റ്ററുകളായാണ് പ്രവര്‍ത്തിക്കേണ്ടത്. ഓരോ മൂന്നുമാസം അല്ലെങ്കില്‍ നാലുമാസം കൂടുമ്പോള്‍ സര്‍വേ നടത്തി ജനങ്ങളുടെ ചിന്താഗതി മനസിലാക്കി അതിനനുസരിച്ച് പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് അമിത് ഷാ നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാള്‍, അസ്സം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് 150 സീറ്റുകള്‍ ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി ആറ് നേതാക്കള്‍ക്ക് ഈ സംസ്ഥാനങ്ങളുടെ ചുമതല യോഗത്തില്‍ നല്‍കിയിട്ടുണ്ട്.
യോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രിമാരായ ജെ. പി. നഡ്ഡ, രവിശങ്കര്‍ പ്രസാദ്, ധര്‍മ്മേന്ദ്ര പ്രധാന്, പീയൂഷ് ഗോയല്‍, നിര്‍മല സീതാരാമന് എന്നിവര്‍ക്ക് യഥാക്രമം പശ്ചിമ ബംഗാള്‍, അസ്സം, കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകളുടെ മേല്‍നോട്ടചുമതല നല്‍കിയിട്ടുണ്ട്. ഇവര്‍ കൂടാതെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍, അനന്ദ്കുമാര്‍, മനോജ് സിന്‍ഹ, ഉത്തര്‍പ്രദേശ് മന്ത്രി സ്വതന്ത്ര ദേവ് സിങ്, ബിജെപി ദേശീയ സെക്രട്ടറി മഹേന്ദ്ര സിങ്, മുംബൈ പാര്‍ട്ടി അധ്യക്ഷന്‍ ആഷിഷ് ഷെലാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. കൂടുതല്‍ നേതാക്കള്‍ക്ക് അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ വിവിധ സംസ്ഥാനങ്ങളുടെ ചുതലകള്‍ നല്‍കും. ഇവര്‍ അതാത് സംസ്ഥാനങ്ങളിലെ ലോക്സഭാ മണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്തുകയും പ്രാദേശിക നേതാക്കളുമായി സംവദിക്കുകയും വേണം.
വരുന്ന തിരഞ്ഞെടുപ്പില്‍ നിലവിലുള്ള സീറ്റുകളില്‍ 150 എണ്ണത്തില്‍ പാര്‍ട്ടി പരാജയപ്പെടുമെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇത് മറികടക്കാനാണ് പുതിയ 150 സീറ്റുകള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നേടാന്‍ അമിത് ഷാ പദ്ധതി തയ്യാറാക്കിയത്. 600 മുഴുവന്‍ സമയ പ്രവര്‍ത്തകരാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെടുക. ഓരോരുത്തര്‍ക്കും ഓരോ ലോക്സഭാ സീറ്റുകളില്‍ മേല്‍നോട്ട ചുമതലകളുണ്ടാകും. ഹിന്ദി ബെല്‍റ്റ് മേഖലകളില്‍ നിന്ന് അടുത്ത തവണ തിരിച്ചടികള്‍ ഉണ്ടായേക്കാമെന്ന തിരിച്ചറിവില്‍ നിന്നാണ് പാര്‍ട്ടി സ്വാധീനം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ബി.ജെ.പി പദ്ധതി തയ്യാറാക്കുന്നത്.
Discussion about this post