ഡല്‍ഹി: കശ്മീരിലെ എല്ലാ പ്രശ്നങ്ങള്‍ക്കും 2022-ഓടു കൂടി പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കശ്മീരിനു പുറമെ രാജ്യത്തെ പ്രതിസന്ധിയില്‍ നിര്‍ത്തുന്ന ഭീകരവാദം, നക്സലിസം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കലാപങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ലക്നൗവില്‍ നടന്ന ന്യൂ ഇന്ത്യ മൂവ്മെന്റ്(20172022) പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദം, നക്സലിസം, കശ്മീര്‍ പ്രശ്നങ്ങളെല്ലാം രാജ്യത്തെ ഏറെ ബാധിക്കുന്നുണ്ട്. ഇവയെ പറ്റി കൂടുതല്‍ വിവരണം നല്‍കേണ്ടതിന്റെ ആവശ്യകതയില്ല, എന്നാല്‍ 2022ഓട് കൂടി ഈ പ്രശ്നങ്ങളെല്ലാം തുടച്ചു നീക്കാന്‍ കേന്ദ്ര സര്‍ക്കാരിനാകും, 2022ഓടു കൂടി ഒരു പുതിയ ഇന്ത്യയായിരിക്കും ജനങ്ങള്‍ക്ക് മുന്നിലുണ്ടാകുക രാജ്നാഥ് സിങ് പറഞ്ഞു.
രാജ്യത്തെ എല്ലാ വിധ ദുഷിപ്പുകളില്‍ നിന്നും മുക്താമാക്കാന് ജനങ്ങള്‍ ഒന്നായി പരിശ്രമിക്കണം. ഭീകരവാദം, മാലിന്യം, വര്‍ഗീയ സംഘര്‍ഷങ്ങള്‍, ജാതി വര്‍ണ വിവേചനങ്ങള്‍ എന്നിവയെല്ലാം ഉന്മൂലനം ചെയ്യാന്‍ ജനങ്ങള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
1942-ല്‍ ക്വിറ്റ് ഇന്ത്യ പ്രതിജ്ഞയെടുത്ത നമ്മുടെ പൂര്വികള്ക്ക് 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി നല്കാന് സാധിച്ചു. 2017-ല്‍ നവഭാരത പ്രതിജ്ഞയെടുക്കുന്ന നമുക്ക് എന്തുകൊണ്ട് 2022-ല്‍ നവഭാരതം കെട്ടിപ്പടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചോദിച്ചു. രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുന്‍പ് ‘നവഭാരത’ത്തിന് രൂപം നല്‍കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതായും രാജ്നാഥ് സിങ് പറഞ്ഞു.
രാജ്യം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മഹാത്മാഗാന്ധിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം അതിനുവേണ്ടി ക്യാമ്പെയ്ന് തുടക്കമിട്ടു. എന്നാല്‍ അതിന് കൃത്യമായ മാനം നല്‍കിയത് മോദിയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
അഴിമതി, ഭീകരവാദം, വര്‍ഗീയത, ജാതീയത തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കണം. ഇന്ത്യയെ ഏറ്റവും വൃത്തിയുള്ള രാജ്യമാക്കി മാറ്റാന്‍ എല്ലാവരും സഹകരിക്കണമെന്നും രാജ്നാഥ് സിങ് ആവശ്യപ്പെട്ടു.
Discussion about this post