പിറവം: പിറവം നഗരസഭയില്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ ഏറ്റുമുട്ടി. ബിജെപി കൗണ്‍സിലര്‍ ഉണ്ണി വല്ലയിലിനുനേരെ കയ്യേറ്റ ശ്രമവുമുണ്ടായി. നഗരസഭ ചെയര്മാന് സാബു കെ. ജേക്കബ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം.രാവിലെ 11 മണിയോടെ കൗണ്‍സില്‍ യോഗം നടക്കാനിരിക്കെ ചെയര്മാന് രാജിവയ്ക്കണമെന്നാവശ്യപ്പെടുന്ന ഫഌ്സ് ബോര്‍ഡുമായി ഹാളിലേക്ക് വന്ന ഉണ്ണി വല്ലയിലിനെ ഒരു പറ്റം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ചെയര്‍മാനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ടത്. രാജി ആവശ്യപ്പെടുന്ന പ്രമേയത്തിനുള്ള അവതരണാനുമതി നിഷേധിച്ച ഭരണകക്ഷി തീരുമാനത്തെ ചോദ്യം ചെയ്ത പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പിറവം പോലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
അഴിമതിയുടെ കാര്യത്തില്‍ ഭരണ പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഒത്തുകളിക്കുകയാണെന്ന് കൗണ്‍സിലര്‍ ഉണ്ണി വല്ലയില്‍ പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്ത്തകന് കക്കാട് സ്വദേശി ഇ.ജെ. തോമസാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്.
പിറവം പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴും പിന്നീട് നഗരസഭ ചെയര്‍മാനായപ്പോഴും വിവിധ പദ്ധതികളിലായി സാബു കെ.ജേക്കബ് വരവില്‍ക്കവിഞ്ഞ സ്വത്ത് നേടിയതായി പരാതിയില്‍ പറഞ്ഞിരുന്നു.
Discussion about this post