കട്ടപ്പന: ന്യൂസ് 18 ചാനൽ കേരളയിലെ അസോസിയേറ്റ് എഡിറ്ററും പ്രമുഖ മാധ്യമപ്രവർത്തകനുമായ ബി ദിലീപ് കുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്. കട്ടപ്പനയിലെ ആർകെ ലോഡ്ജിൽ വെച്ച് ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലാണ് അദ്ദേഹത്തെ കാണപ്പെട്ടതെന്ന് പൊലീസ് പറയുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. കട്ടപ്പനയിലെ സെന്റ് ജോൺസ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട ദിലീപ് കുമാറിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് കട്ടപ്പന സബ് ഇൻസ്പെക്ടർ വ്യക്തമാക്കി.
ഹോട്ടൽ ജീവനക്കാരാണ് ഇന്ന് രാവിലെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം എത്തിയാണ് ഹോട്ടൽ മുറിയെടുത്തത്. ഇന്ന് രാവിലെ സുഹൃത്തുക്കൾ ചായകുടിക്കാൻ പുറത്തുപോയ സമയത്തായിരുന്നു ആത്മഹത്യ ശ്രമം നടന്നത്. സുഹൃത്തുക്കളും ബന്ധുക്കളും വിവരം അറിഞ്ഞ് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.
മലയാളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനാണ് ബി ദിലീപ് കുമാർ. മുമ്പ് ഇന്ത്യാവിഷൻ ചാനലില്‍ എഡിറ്റർ ഇൻ ചാർജ്ജായി ജോലി ചെയ്തിരുന്നു. സൂര്യ ടിവിയുടെ ഡൽഹി ലേഖകനായും പ്രവർത്തിച്ചിരുന്നു അദ്ദേഹം.
Discussion about this post