തിരുവനന്തപുരം : രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്ന കുട്ടിക്ക് ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച്ഐവി ബാധിച്ചെന്ന പരാതിയില്‍ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പോലീസ് പരിശോധന. മെഡിക്കല്‍ കോളേജ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ആരില്‍ നിന്നെല്ലാമാണ് രക്തം ശേഖരിച്ചത്, എന്തെല്ലാം പരിശോധനകള്‍ നടത്തി തുടങ്ങി സമീപകാലത്തെ പരിശോധനാ റിപ്പോര്‍ട്ടുകളടക്കം പോലീസ് പരിശോധിക്കുകയാണ്.
വിഷയത്തില്‍ സര്‍ക്കാര്‍ വിദഗ്ധ തല അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പുറമെയാണ് പൊലീസ് അന്വേഷണവും നടത്തുന്നത്. ആറുമാസത്തെ ചികില്‍സയ്ക്കിടയില്‍ ആദ്യം എച്ച്ഐവി ഇല്ലാതിരുന്ന കുട്ടി, പിന്നീട് നാലു തവണ ആര്‍സിസിയില്‍ കീമോ അടക്കമുള്ള ചികില്‍സ ചെയ്തതിന് ശേഷമാണ് എച്ച്ഐവി ബാധ കണ്ടെത്തിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം.
അതേസമയം, സംഭവം വിദഗ്ധസംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.കുട്ടിയുടെ രക്ഷിതാവിന്റെ പരാതി കിട്ടിയ ഉടനെതന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ആര്‍സിസി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നടത്തിയ ടെസ്റ്റുകളില്‍ വ്യത്യസ്തമായ റിസല്‍ട്ട് കണ്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ വിദഗ്ധപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
Discussion about this post