കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഹ്റം ചടങ്ങുകള്‍ക്കിടെ ദുര്‍ഗാ വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടത്തേണ്ടെന്ന് നിര്‍ദ്ദേശം പുറപ്പെടുവിച്ച സര്‍ക്കാരിന് ഉത്തരവിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതി. മുഹ്റം ദിനം ഉള്‍പ്പെടെ എല്ലാ ദിവസവും രാത്രി 12 മണിവരെ നിമഞ്ജന ഘോഷയാത്ര നടത്താമെന്നും ഘോഷയാത്ര കടന്നു പോവുന്ന വഴികളില്‍ പോലീസ് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വിജയദശമി ദിനത്തിലും മുഹറം ദിനമായ ഒക്ടോബര്‍ ഒന്നിനും ദുര്‍ഗാ വിഗ്രഹ നിമഞ്ജനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ ചോദ്യം ചെയ്ത് കൊണ്ട് നല്കിയ പൊതു താല്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ബംഗാള്‍ സര്‍ക്കാരിനെതിരെ ഹര്‍ജി പരിഗണിക്കവേ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ പ്രത്യേക നിയന്ത്രണ രേഖയൊന്നും വരയ്ക്കേണ്ട ആവശ്യമില്ല, രാജ്യത്തെ പൗരനെന്ന നിലയില്‍ മതവിശ്വാസം കാത്ത് സൂക്ഷിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ഇതില്‍ ക്രമസമാധാനത്തിന്റെ പേര് പറഞ്ഞ് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
എന്തെങ്കിലും മോശമായ രീതിയില്‍ നടക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെന്ന് കരുതി നിരോധനം ഏര്‍പ്പെടുത്താന്‍ സാധിക്കില്ല. നിയന്ത്രണവും നിരോധനവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ മനസിലാക്കിയെന്ന് വിശദീകരിക്കണം. അല്ലാതെ നേരിട്ട് നിയന്ത്രണമേര്പ്പെടുത്തുകയല്ല വേണ്ടതെന്നും കോടതി പറഞ്ഞു.
വിജയ ദശമി നാളില്‍ നടക്കുന്ന ദുര്‍ഗ പ്രതിമ നിമഞ്ജന ഘോഷയാത്രയും, മുഹറ നാളില്‍ നടക്കുന്ന തെയ്ജ ഘോഷയാത്രയ്ക്കും സര്‍ക്കാര്‍ ക്രമീകരണം ഏര്‍പ്പെടുത്തണം. ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. സമ്പൂര്‍ണ മത സൗഹാര്‍ദം സംസ്ഥാനത്തുണ്ടെന്ന് വാദിക്കുന്ന സര്‍ക്കാര്‍ എന്തിനാണ് രണ്ട് മതങ്ങള്‍ക്കിടയില്‍ പ്രത്യേക നിയന്ത്രണ രേഖ വരയ്ക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.
വിജയ ദശമി ദിനത്തില്‍ രാത്രി 10 മണിക്ക് ശേഷവും മുഹറ ദിനമായ ഒക്ടോബര്‍ ഒന്നിനും ദുര്‍ഗാ പ്രതിമ നിമഞ്ജനം നടത്തരുതെന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് മമത ബാനര്‍ജി ഉത്തരവിട്ടത്. മുഹ്റം ദിനത്തില്‍ വിഗ്രഹ നിമഞ്ജന ഘോഷയാത്രകള്‍ നടത്തരുതെന്നും മുഹ്റത്തിന് ശേഷം ചടങ്ങുകള്‍ പുനരാരംഭിക്കാമെന്നുമാണ് മമത നിര്‍ദ്ദേശിച്ചത്.
Discussion about this post