കൊച്ചി: മെട്രോ ട്രെയിന്‍ സര്‍വീസ് എറണാകുളം നഗരഹൃദയത്തിലേക്ക് ഓടിത്തുടങ്ങി. പാലാരിവട്ടം-മഹാരാജാസ് കോളേജ് റൂട്ടിലെ സര്‍വീസ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ വെച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെ ഇവര്‍ മെട്രോയില്‍ യാത്ര നടത്തും. ജനപ്രതിനിധികളടക്കമുള്ളവര്‍ ഈ യാത്രയില്‍ ചേര്‍ന്നു.
തുടര്‍ന്ന് 11ന് എറണാകുളം ടൗണ്‍ഹാളില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കലൂര്‍, ലിസി, എംജി റോഡ്, മഹാരാജാസ് കോളേജ് എന്നിവ പുതിയ സ്റ്റേഷനുകള്‍. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ പാത.
സംസ്ഥാന മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പി., മേയര്‍, ഡി.എം.ആര്.സി., കെ.എം.ആര്.എല്‍. പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. ചെലവു കുറച്ചായിരിക്കും ഇക്കുറി ഉദ്ഘാടനച്ചടങ്ങു നടത്തുക. ഉദ്ഘാടനത്തിനുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ പുതിയ പാതയില്‍ സര്‍വീസ് തുടങ്ങും. ആദ്യദിനത്തില്‍ യാത്രയ്ക്കെത്തുന്നവര്‍ക്ക് അവരവരുടെ കാരിക്കേച്ചര്‍ സമ്മാനമായി ലഭിക്കും.
ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ സ്പീഡ് കാരിക്കേച്ചറിസ്റ്റ് ബി. സഞ്ജീവിന്റെ നേതൃത്വത്തില്‍ 10 കാര്ട്ടൂണിസ്റ്റുകളാണു കന്നിയാത്രക്കാരുടെ ചിത്രങ്ങള്‍ വരയ്ക്കുക. സ്റ്റേഡിയം സ്റ്റേഷനില്‍ ഉച്ചയ്ക്ക് 12 മുതല്‍ രണ്ടു മണി വരെയാണ് തത്സമയ കാരിക്കേച്ചര്‍ രചന. അഞ്ചു കിലോമീറ്റര്‍ ദൂരംവരുന്ന കലൂര്‍ സ്റ്റേഡിയം മുതല്‍ മഹാരാജാസ് വരെ 20 രൂപയാണ് ടിക്കറ്റ് നിരക്ക്. ആലുവയില്‍നിന്നു മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷന് വരെ 50 രൂപ.
മെട്രോ സര്‍വീസ് മഹാരാജാസ് വരെയെത്തുന്നതോടെ നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാംതന്നെ മെട്രോയ്ക്കു കീഴിലാകും. നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷനുകള്‍, മഹാരാജാസ് ഗ്രൗണ്ട്, കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡ്, കലൂര്‍ സ്റ്റാന്‍ഡ് എന്നിവിടങ്ങിലേക്കുള്ള യാത്രയ്ക്ക് മെട്രോ വേഗമേകും.
Discussion about this post