കൊച്ചി: ചരിത്രം കുറിച്ച് ശ്രീകോവിലിലേക്ക് പടികയറാനൊരുങ്ങി യദുകൃഷ്ണ. ശാന്തിക്കാരനായി ദേവസ്വം ബോര്‍ഡ് നിയമിക്കുന്ന ആദ്യത്തെ പട്ടിക ജാതിക്കാരന് ആണ് യദുകൃഷ്ണ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവല്ല ഗ്രൂപ്പിന് കീഴിലുള്ള ക്ഷേത്രത്തിലാണ് യദുവിന്റെ ആദ്യ നിയമനം. ക്ഷേത്രം ഏതെന്ന് തീരുമാനമായിട്ടില്ല. നിയമന ഉത്തരവ് കാത്തിരിക്കുകയാണ് യദു ഇപ്പോള്‍.
ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ശാന്തി റാങ്ക് ലിസ്റ്റില്‍ നാലാം റാങ്കുകാരനാണ് പുലയ സമുദായാംഗമായ യദുകൃഷ്ണ. ബ്രാഹ്മണ്യം കര്മ്മസിദ്ധമാണെന്ന തത്വത്തിന് അടിവരയിടുന്നു യദുവിന്റെ നിയമനം. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡാണ് നിയമന നടപടികള്‍ നടത്തിയത്. 967 പേര് എഴുതിയ പരീക്ഷയില്‍ അന്തിമ ലിസ്റ്റില്‍ വന്ന 441 പേരില്‍ 62 പേരെയാണ് നിയമനത്തിനായി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇവരില്‍ യദു ഉള്‍പ്പടെ അഞ്ച് പട്ടികജാതിക്കാരും 30 പിന്നാക്കക്കാരുമുണ്ട്.
സംസ്കൃത സാഹിത്യത്തില്‍ എം.എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യദു. ഏഴാം ക്ളാസില്‍ പഠിക്കുമ്പോള്‍ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ശാന്തിക്കാരന്റെ സഹായിയായിരിക്കെയാണ് പറവൂരിലെ അനിരുദ്ധന് തന്ത്രി യദുവിനെ കാണുന്നത്. അങ്ങനെ 12-ാം വയസില്‍ മൂത്തകുന്നം അണ്ടിപ്പിള്ളിക്കാവില്‍ തന്ത്രിയുടെ നേതൃത്വത്തില്‍ 30 വര്‍ഷമായി ഗുരുകുല സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രീഗുരുദേവ വൈദിക വിദ്യാപീഠത്തില്‍ എത്തി.
താന്ത്രിക സംസ്കൃത പഠനത്തോടൊപ്പം വലിയകുളങ്ങര ധര്‍മ്മപരിപാലന സഭയുടെ ഭഗവതി ക്ഷേത്രത്തില്‍ ശാന്തിയായും പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാപീഠത്തില്‍ 26 വിദ്യാര്‍ത്ഥികള്‍ ഇപ്പോഴുണ്ട്. യദു മിടുക്കനായ വിദ്യാര്‍ത്ഥിയാണ്. ഈ രംഗത്ത് മികച്ച ഭാവിയുണ്ടെന്ന് ഗുരുവായ അനിരുദ്ധന് തന്ത്രി പറഞ്ഞു.
പറവൂര്‍ ശ്രീധരന് തന്ത്രിയുടെ മകന് രാകേഷിന്റെ കേസില്‍ 2002-ല്‍ സുപ്രീംകോടതി വിധിയുണ്ടായതിനെ തുടര്‍ന്ന് ഇരുനൂറോളം അബ്രാഹ്മണ ശാന്തിക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയമനം നേടിയെങ്കിലും ഇവരില്‍ പട്ടികജാതിക്കാരാരും ഉണ്ടായിരുന്നില്ല.
തൃശൂര്‍ ചാലക്കുടിക്ക് സമീപം കൊരട്ടി നാലുകെട്ടിലെ നിര്‍ദ്ധന കുടുംബാംഗമാണ് യദുകൃഷ്ണ. അച്ഛന് പി.കെ.രവി കൂലിപ്പണിക്കാരനാണ്. ലീലയാണ് അമ്മ. സഹോദരന് ലാല്വിന്.
Discussion about this post