ആലപ്പുഴ : ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലചുവയുള്ള പരാമര്‍ശം നടത്തി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. ഐക്യമഹിളാ സംഘം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കവേയായിരുന്നു വിവാദ പരാമര്‍ശം.
തോമസ് ചാണ്ടി രാഷ്ട്രീയ തീരുമാനത്തില്‍ മന്ത്രിയായ ആളല്ല. അയാള്‍ കാശു കൊടുത്താണ് മന്ത്രിയായത്. അതുകൊണ്ട് തന്നെ ഭൂമി കയ്യേറിയ മന്ത്രിയെ പുറത്താക്കണമെന്ന് പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമില്ല. തോമസ് ചാണ്ടി നിയമ ലംഘനം നടത്തിയ ആളാണെന്ന് ആലപ്പുഴ കളക്ടര്‍ കൊടുത്ത റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചിരിക്കുകയാണെന്നും അസീസ് ആരോപിച്ചു.
അതേസമയം സോളാര്‍ കമ്മീഷന് കൊടുത്ത റിപ്പോര്‍ട്ടില്‍ പത്തു ദിവസത്തിനകം പ്രഖ്യാപനം വന്നു. അതിന്റെ കാരണം വേങ്ങര തെരഞ്ഞെടുപ്പ് ദിവസം തന്നെ അത് പ്രഖ്യാപിക്കണമെന്ന് ഇടത് സര്‍ക്കാരിന് നിര്‍ബന്ധമായിരുന്നെന്നും അസീസ് കുറ്റപ്പെടുത്തി.
എന്‍സിപി നേതാവായ ഉഴവൂര്‍ വിജയന് ഹൃദയം പൊട്ടി മരിച്ചതിനെക്കുറിച്ചും അസീസ് പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഉഴവൂര്‍ വിജയന്റെ മരണത്തിന്റെ കാരണം തോമസ് ചാണ്ടിയുടെ പീഡനമാണെന്നും അസീസ് ആരോപിച്ചു. തുടര്‍ന്നാണ് തോമസ് ചാണ്ടി രാജിവയ്ക്കാന്‍ പറയാന്‍ പിണറായി വിജയന് ധൈര്യമുണ്ടോയെന്ന അശ്ലീല ചുവയുള്ള നാടന്‍ പ്രയോഗം അസീസ് നടത്തിയത്. സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം കേട്ട സ്ത്രീകള്‍ ചിരിക്കുന്നതായും വീഡിയോയില്‍ ഉണ്ട്.
കാശുകൊടുത്താണ് തോമസ് ചാണ്ടി മന്ത്രിയായതെന്നും കലക്ടറുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതാണെന്നും ആരോപിച്ചാണ് അസീസ് പ്രസംഗം അവസാനിപ്പിച്ചത്.
Discussion about this post