ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന രാഹുലിനെ കുരുക്കിലാക്കി കേരളത്തിലെ നേതാക്കള്‍ പ്രതിയായ സോളാര്‍ അഴിമതിക്കേസ്. അഴിമതിയ്ക്ക് പുറമെ സ്ത്രീ പീഢനം കൂടി ഉള്‍പ്പെടുന്ന കേസ് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. സംസ്ഥാന നേതാക്കള്‍ മുഴുവന്‍ കേസില്‍ ഉള്‍പ്പെട്ടതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉത്കണ്ഠയിലാണ്. തന്നെ സന്ദര്‍ശിച്ച കേരള നേതാക്കളോട് രാഹുല്‍ഗാന്ധി ആശങ്ക തുറന്ന് പറയുകയും ചെയ്തു.
കേസ് പാര്‍ട്ടിയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് രാഹുല്‍ കേരള നേതാക്കളോട് പറഞ്ഞു. പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് ഉടന്‍ അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതിനിടെ സോളാര്‍ വിഷയം കോണ്‍ഗ്രസിനെതിരെ ദേശീയതലത്തില്‍ പ്രചരണ ആയുധമാക്കാനൊരുങ്ങുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു. ദേശീയ തലത്തില്‍ രാഹുല്‍ഗാന്ധി മോഡിക്കെതിരെ നടത്തുന്ന പ്രചരണങ്ങളെ പിടിച്ചുകെട്ടാന്‍ കേരളത്തിലെ വിഷയം ധാരാളമെന്നാണ് ബിജെപി കരുതുന്നത്. കേസില്‍ കാര്യക്ഷമമായ അന്വേഷണം വേണമെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. സോളാര്‍ അഴിമതിയില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് കെ സി വേണുഗാപാലിനെതിരെയും ദേശീയ തലത്തില്‍ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ലൈംഗികാരോപണ വിധേയനായ എം.പിയും പാര്‍ട്ടി കര്‍ണാടക ഘടകത്തിന്റെ ചുമതലക്കാരനുമായ കെ സി വേണുഗോപാലിന് സദാചാരത്തെക്കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ലെന്ന വാദമുന്നയിച്ച് കര്‍ണാടകയിലെ ബിജെപി നേതാക്കളും രംഗത്തെത്തി. കര്‍ണാടകയിലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ബിജെപി ജനതാദള്‍ എസുമായി സഖ്യം ഉണ്ടാക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പിറകെയാണ് വേണുഗോപാലുള്പ്പെടുന്ന സോളാര്‍ അഴിമതി കഥ പുറത്ത് വരുന്നത്. ബലാത്സംഗകേസാണ് വേണുഗോപാലിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് സൂചന.
സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് സരിത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മാത്രമല്ല, സിപിഐഎം നേതാക്കള്‍ക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യവും അന്വേഷണത്തില്‍ പരിശോധിക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തിന്റെ നിലപാട്. സോളാര്‍ സമരം അവസാനിപ്പിക്കാന്‍ സിപിഎമ്മും യുഡിഎഫും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ എന്താണെന്ന് തുറന്നു പറയണമെന്നും വിവിധ മാനങ്ങളുള്ള സോളാര്‍ കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നുമായിരുന്നു കുമ്മനത്തിന്റെ അഭിപ്രായം. യുഡിഎഫ്-എല്‍ഡിഎഫ് കൂട്ടുകെട്ട് അഴിമതിയ്ക്കായി പരസ്പരം സഹായിക്കുന്നതാണെന്ന ശക്തമായ പ്രചരണവും ദേശീയതലത്തില്‍ ബിജെപി നടത്തും. ടിപി കേസ് ഒത്തുതീര്‍ത്തതാണെന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.ടി ബല്‍റാമിന്റെ വെളിപ്പെടുത്തലും ബിജെപി ദേശീയതലത്തില്‍ ചര്‍ച്ചയാക്കും
Discussion about this post