മലയാളത്തിന്റെ സൂപ്പര്‍താരം മോഹൻലാലിന് ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ നൽകിയ സംവിധായകനാണ് ഭഭ്രൻ. നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ മോഹൻലാലിനെ കാത്തിരിക്കുന്നത് മറ്റൊരു ഉജ്ജ്വല കഥാപാത്രമാണ്. അടുത്ത വർഷം ആരംഭിക്കുന്ന ഭദ്രൻ ചിത്രത്തിൽ ആന പാപ്പാനായാണത്രെ മോഹൻലാൽ അഭിനയിക്കുന്നത്. ഇതുവരെ ലാൽ ഇത്തരത്തൊരു കഥാപാത്രം അവതരിപ്പിച്ചിട്ടില്ല. അതിന്റെ ത്രില്ലിലാണ് മെഗാസ്റ്റാർ.
നാലു മാസം മുമ്പ് തിരുവനന്തപുരത്ത് വെളിപ്പാടിന്റെ പുസ്തകത്തിന്റെ ചിത്രീകരണ സമയത്താണ് ഭദ്രൻ കഥ പറഞ്ഞത്. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ട മോഹൻലാൽ ഉടൻ തന്നെ ഡേറ്റ് നൽകുകയും ചെയ്തു. തിരക്കഥ പൂർത്തിയാക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ ഭദ്രൻ. പൂർണമായും കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ഹരീഷ് പേരടിയും ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. മറ്റ് താരനിർണയം നടന്നു വരുന്നതേയുള്ളു.
മോഹൻലാലും ഭദ്രനും ഒടുവിൽ ഒരുമിച്ചത് പന്ത്രണ്ട് വർഷം മുമ്പ് ഉടയോൻ എന്ന ചിത്രത്തിന് വേണ്ടിയാണ്. ഇതിലെ മോഹൻലാലിന്റെ ഇരട്ട കഥാപാത്രം ശ്രദ്ധ നേടിയെങ്കിലും ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടു. അങ്കിൾ ബൺ, സ്ഫടികം, ഒളിമ്പ്യൻ അന്തോണി ആദം എന്നിവയാണ് മോഹൻലാൽ നായകനായ മറ്റ് ഭദ്രൻ ചിത്രങ്ങൾ.
Discussion about this post