നാട്ടകം ഗവ. കോളജില്‍ പട്ടികജാതി വര്‍ഗ വിദ്യാര്‍ഥിനികള്‍ക്ക് മര്‍ദ്ദിച്ചതായി പരാതി.കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘം മര്‍ദിച്ചതായാണ് പരാതി.മര്‍ദ്ദനത്തില്‍ പരിക്കേറ്റ പൊളിറ്റിക്കല്‍ സയന്‍സ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനികളായ ആരതി സജി, എ.ബി.ആത്മജ എന്നിവര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സ തേടി.ആരതിയുടെ മൂവാറ്റുപുഴ സ്വദേശിനിയാണ് ആത്മജയുടെ വീട് കുട്ടനാട്ടിലെ കൈനടിയിലുമാണ്.
സംഭവത്തെ കുറിച്ച് വിദ്യാര്‍ത്ഥിനികള്‍ പറയുന്നതിങ്ങനെ ,തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു ആക്രമണം , കോളജിലെ പഠനം കഴിഞ്ഞ വിദ്യാര്‍ഥിനി സുഹൃത്തിനോടൊപ്പം കോഷന്‍ ഡിപ്പോസിറ്റ് തിരികെ വാങ്ങുവാനായി കോളജില്‍ എത്തി. ആരതിയും ആത്മജയും ഇവരുമായി സംസാരിക്കുന്നതിനിടെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ജെയ്ന്‍ രാജിന്റെ നേതൃത്വത്തില്‍ ഒരു സംഘമെത്തി മര്‍ദിച്ചെന്നാണ് പരാതി. ‘നിനക്ക് കോളജില്‍ എന്താ കാര്യം’ എന്ന് ചോദിച്ച് വിദ്യാര്‍ഥിനിയുടെ സുഹൃത്തിനെയാണ് ആദ്യം മര്‍ദിച്ചത്.
ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആരതിക്കും ആത്മജയ്ക്കും കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ഥിനിക്കും മര്‍ദനമേറ്റത്. ആണ്‍കുട്ടികള്‍ ചുറ്റിനും കൂടി ചവിട്ടുകയും അടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തെന്ന് ആരതിയും ആത്മജയും പറയുന്നു. കോളജിലെ മറ്റു കുട്ടികള്‍ ഓടിയെത്തിയാണ് ഇവരെ രക്ഷിച്ചത്. പരുക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ എത്തിയ ഇവര്‍ ചിങ്ങവനം പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. കോളജിലെ പൂര്‍വ വിദ്യാര്‍ഥിനിയും കൂടെയുണ്ടായിരുന്ന സുഹൃത്തും പരാതി നല്‍കിയിട്ടില്ല. ചിങ്ങവനം പൊലീസ് മൊഴിയെടുക്കാന്‍ ആശുപത്രിയില്‍ എത്തിയില്ല. തുടര്‍ന്ന് ഇന്നലെ രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കുകയായിരുന്നു. എസ്എഫ്ഐ നേതാക്കന്മാര്ക്കുള്ള മുന്‍വൈരാഗ്യത്തെത്തുടര്‍ന്നാണ് മര്‍ദനമെന്ന് ആരതിയും ആത്മജയും പറയുന്നു.
കോളേജില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ രാഷ്ട്രീയ ഭേദമില്ലാതെ പ്രിന്‍സിപ്പലിന്റെ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. ധര്‍ണയില്‍ ആരതിയും ആത്മജയും സജീവമായി പങ്കെടുത്തിരുന്നു. അന്നു ജയ്ന്‍ രാജ് ഉള്‍പ്പെടെ എട്ടു വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്നുമുതല്‍ എസ്എഫ്ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി വിദ്യാര്‍ഥിനികള്‍ പറയുന്നു. ദലിത് തീവ്രവാദികളാണെന്നും മാവോയിസ്റ്റുകളാണെന്നും എസ്എഫ്ഐ നേതാക്കള്‍ ആക്ഷേപിച്ചിരുന്നതായും ഇവര്‍ പറയുന്നു. അതേസമയം നാട്ടകം ഗവ. കോളജിലുണ്ടായ സംഭവവുമായി എസ്എഫ്ഐയ്ക്ക് ബന്ധമില്ലെന്ന് ജില്ലാ പ്രസിഡന്റ് കെ.എം.അരുണ്‍ പറഞ്ഞു.പുറത്തുനിന്നുള്ള ആള്ക്കാര് ക്യാംപസില്‍ എത്തിയിരുന്നു. ഇക്കാര്യം യഥാസമയം തന്നെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും എസ്എഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു.
Discussion about this post