ഡല്‍ഹി: രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് ആരോപിച്ച നടന് കമല്‍ഹാസനെതിരെ ബി.ജെ.പി രംഗത്ത്. കമലിന് ലഷ്കര്‍ ഇ ത്വായ്ബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ സ്വരമാണെന്ന് ബി.ജെ.പി. ദേശീയ വക്താവ് ജി.വി.എല്‍. നരസിംഹറാവു കുറ്റപ്പെടുത്തി.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി സോണിയയും രാഹുലും നയിക്കുന്ന കോണ്‍ഗ്രസ് മുസ്ലീം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനായി ഇന്ത്യയെയും ഹിന്ദുമതത്തെയും ഇകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഹിന്ദു ഭീകരവാദമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളായ സുശീല്‍ കുമാര്‍ ഷിണ്ഡെയും പി.ചിദംബരവും പാര്‍ലമെന്റില്‍ പറഞ്ഞു. ഇതിന് സമാനമായ പ്രസ്താവനയാണ് കമല്ഹാസന് നടത്തിയിരിക്കുന്നത്. ഇതുവഴി ചിദംബരത്തിന്റെയും ലഷ്കര്‍ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെയും ഗണത്തില്‍ പെട്ടിരിക്കുകയാണ് കമല്‍. പാകിസ്ഥാന് ഗുണകരമായ പ്രസ്താവനയാണിത്. ഇതുപോലുള്ള വില കുറഞ്ഞ രാഷ്ട്രീയ നീക്കങ്ങള്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ തള്ളിക്കളയും-റാവു പറഞ്ഞു.
തമിഴ് മാസികയായ ആനന്ദ വികടനില്‍ എഴുതിയ കോളത്തിലാണ് കമല്‍ രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞത്. കഴിഞ്ഞയാഴ്ച എഴുതിയ കോളത്തില്‍ നോട്ട് നിരോധനത്തെയും കമല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Discussion about this post