സഞ്ജയന്
ക്രൂരമായ മനസ്സുള്ള അഴിമതി നിറഞ്ഞ ഭരണത്തിനെതിരെയുള്ള സമരരീതി പൊളിച്ചെഴുതേണ്ട സമയമായി എന്നോര്‍മ്മിപ്പിക്കുകയാണ് പരാജയപ്പെട്ട ഓരോ സമരമുറകളും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഹര്‍ത്താലുകളും വഴിതടയലും, ഉപരോധങ്ങളുമായി നൂറ് കണക്കിന് സമരങ്ങളാണ് കേരളത്തില്‍ അരങ്ങേറിയത്. തങ്ങളൊക്കെ ഈ നാട്ടിലുണ്ട് എന്ന് അടയാളപ്പെടുത്താനല്ലാതെ ഈ സമരം കൊണ്ട് സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ സംഘടനകള്‍ എന്ത് നേടി എന്ന് അവര്‍ തന്നെ ആലോചിക്കുന്നത് നന്നാവും.
ഇന്നലെ നടന്ന ഹര്‍ത്താലിലേക്ക് വരാം.. എന്തിനാണ് ഹര്‍ത്താല്‍ എന്ന ചോദ്യത്തിന് മിക്കവര്‍ക്കുമുള്ള മറുപടി കൃത്യമായി അറിയില്ല എന്നു തന്നെയായിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എന്ന പറഞ്ഞവര്‍ എല്ലാം അറിയുന്നവരെന്ന ഭാവം പുറത്ത് കാണിച്ചു..എന്താണ് മീനാ കുമാരി റിപ്പോര്‍ട്ട്,,? അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താരതമ്യേന സാന്നിധ്യം കുറഞ്ഞ മോട്ടോര്‍ വാഹന തൊഴിലാളി മേഖലയില്‍ വലിയ തൊഴില്‍ പ്രശ്നങ്ങളുണ്ടോ..? എന്നിങ്ങനെ ചില ചോദ്യങ്ങള്‍ ആരുടെയൊക്കയോ മനസ്സിലുദിച്ചു കാണുമെങ്കിലും ആരും ചോദിച്ച് കണ്ടില്ല.
സമരത്തെ കുറിച്ച് ചില സോഷ്യല്‍ മീജിയ കളിയാക്കലുകള്‍ നടന്നുവെന്നതൊഴിച്ചാല്‍ ആരും ഇതിനൊക്കെയും കാര്യമായി മുഖവിലയ്ക്കെടുത്തു കണ്ടില്ല.
ഹര്‍ത്താല്‍ ദിനം ടാക്സി കാറില്‍ യാത്ര ചെയ്ത് സമരസന്നദ്ധത തെളിയിച്ചു പ്രദീപ് കുമാര്‍ എംഎല്‍എയാണ് ഇന്നലത്തെ ഹര്‍ത്താലിന്റെ താരം. പൊതുജനങ്ങള്‍ വാഹനം കിട്ടാതെ വലയുമ്പോള്‍ ടാക്സി കാറില്‍ കയറിപ്പോയ പ്രദീപ്കുമാറിന്റെ പരാക്രമ വീഡിയൊയ്ക്ക് താഴെ..കാരണവര്‍ക്ക് അടുപ്പിലും തൂറാം എന്ന ഫേസ്ബുക്ക് പോസ്റ്റിട്ട് പ്രതിഷേധിക്കേണ്ടി വരുന്നത് ജനാധിപത്യസംവിധാനത്തിന്റെ ഗതികേട് തന്നെയാണ്.
നേതാവിന് നിരക്കാത്തതാണ് ചെയ്തതെന്ന് അറിഞ്ഞു കൊണ്ട് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ദീരെ പാര്‍ക്ക് ചെയ്ത ടാക്സിയില്‍ കയറി പോയ പ്രദീപ് കുമാര്‍ പറഞ്ഞ വിശദീകരണമാണ് ഹര്‍ത്താല്‍ ദിനത്തിലെ കോമഡി ഡയലോഗ്..സ്ക്കൂട്ടറായി വരാന്‍ പറഞ്ഞ അണികള്‍ ടാക്സി കാറായി വന്നതാണേ്രത പ്രശ്നമായത്. ടാക്സിയില്‍ ഒളിച്ച് കയറി ജനങ്ങളെ പറ്റിക്കാന്‍ ശ്രമിച്ചതിന്റെ കുറ്റബോധമൊന്നും എംഎല്‍എ എവിടെയും പ്രകടിപ്പിച്ച് കണ്ടില്ല.
സമരം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്..അണികള്‍ വെയിലു കൊണ്ട് പ്രകടനം നടത്തണം, കടയടപ്പിക്കണം, തല്ല് കൂടണം, എതിര്‍ക്കുന്നവരെ തല്ലി ഓടിയ്ക്കണം..നാട്ടുകാരുടെ ശാപം ഏറ്റുവാങ്ങണം…നേതാക്കള്‍ക്കോ,,? ഹര്‍ത്താല്‍ ദിനത്തില്‍ വരെ യാത്ര ചെയ്യാന്‍ ആഡംബരകാറുകള്‍, അകമ്പടിയ്ക്ക് പോലിസ്…അങ്ങനെ,,,,
ഹര്‍ത്താല്‍ ദിനത്തില്‍ നേതാക്കന്മാരും കുട്ടിനേതാക്കന്മാരും വീട്ടിലിരിക്കും..അണികള്‍ നിരത്തിലിറങ്ങി വിലസും..വിദേശികളും, ഒരു ദിവസം പണിയ്ക്ക് പോയില്ലെങ്കില്‍ പണി കിട്ടുന്ന പരാതീനതക്കാരും അനുഭവിക്കണം..അത് കണ്ട് ആനന്ദമടയുന്ന സാഡിസ്റ്റുകളായി എന്നേ മാറിക്കഴിഞ്ഞു നമ്മുടെ ഭൂരിപക്ഷം നേതാക്കളും.
ഉറക്കെ രണ്ട് തവണ മുദ്രാവാക്യം വിളിച്ചാല്‍ ബോധം കെട്ടു വീഴുന്നവരാണ് നമ്മളുടെ പല യൂത്ത് നേതാക്കള്‍ വരെ..മനസ്സിനോളം ഇല്ലെങ്കിലും ശരീരത്തില്‍ ബാധിച്ച ദുര്‍മേദസ്സ് പ്രൗഡിയായി കൊണ്ട് നടക്കുന്ന നേതാക്കന്മാരാണ് നമുക്കുള്ളതിലേറെയും. 83 ാം വയസ്സില്‍ വലിയ ആരോപണങ്ങള്‍ നേരിടേണ്ടി വരുമ്പോഴും ദിവസത്തില്‍ അഞ്ചോ ആറോ തവണ കുളിച്ച് മേക്കപ്പിട്ട് ചാനലില്‍ പ്രത്യക്ഷപ്പെടുന്ന മന്ത്രിമാരും നേതാക്കളുമുള്ള നാട്ടില്‍ അവരെ തെരുവില്‍ സമരത്തിനായി പ്രതീക്ഷിയ്ക്കുക സാധ്യമല്ലല്ലോ..?
അപ്പോള്‍ സമരം നടത്തേണ്ട ഉത്തരവാദിത്തം പാവം അണികള്ക്കുള്ളതാണ്. (അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത് ചില സമരങ്ങള്‍ നടത്താറുണ്ടെങ്കിലും ചാനലുകാരുടെ ദ്രോഹം കൊണ്ട് അതത്ര രഹസ്യമായി വെയ്ക്കാന്‍ എളുപ്പമല്ല). അവര്‍ കുട്ടി കുരങ്ങന്മാരെ പോലെ സെക്രട്ടറിയേറ്റ് പഠിക്കലും, നിരത്തിലും അഴിഞ്ഞാടും.മരണം വരെ സമരം നടത്തുമെന്ന് ആട്ടഹസിയ്ക്കും..പതുക്കെ പൊടിയും തട്ടി പിന്മാറും..ഇതാണ് പതിവ് രീതി…
സോളാര്‍ സമരം, ഭൂ സമരം, വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ഇടത് പക്ഷവും, ബിജെപിയും സംഘടിപ്പിച്ച എത്ര സമരങ്ങള്‍ അവരുയര്‍ത്തിയ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ വിജയമായിരുന്നു? പലപ്പോഴും ഫേസ്ബുക്ക് കൂട്ടായ്മകള്‍ മുന്നോട്ട് വച്ച കാമ്പയിനുകളുടെ അത്രപോലും വിജയം കാണാന്‍ പൊതുജനങ്ങളെ വലച്ചുള്ള ഒരു സമരത്തിനുമായിട്ടില്ല. എന്നിട്ടും അത്തരം കാലഹരണപ്പെട്ട സമരങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് പോവുകയാണ്.
നേതാക്കള്‍ക്ക് പോലും പങ്കെടുക്കാനാവാത്ത, നേതാക്കളുടെ കുടുംബത്തിന് പോലും ബുദ്ധിമുട്ടുണ്ടായി തോന്നുന്ന ഹര്‍ത്താല്‍ പോലുള്ള സമരമുറകള്‍ കൂടി സര്‍ക്കാരിന്റെ അക്രമത്തിനും അഴിമതിയ്ക്കുമൊപ്പം സഹിക്കേണ്ടി വരുന്ന ജനങ്ങളുടെ അവസ്ഥ ഇവരെന്നാണ് മനസ്സിലാക്കി പ്രവര്‍ത്തിയ്ക്കുക. ..?.
ജനകീയ പ്രതിഷേധം സംഘടിപ്പിക്കാന്‍ പിന്നെന്ത് വഴിയെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും എക്കാലത്തെയും ഉള്ള ചോദ്യം. പക്ഷേ ഇത്തരം സമരം കൊണ്ട് ജനങ്ങളെ മുഷിപ്പിക്കുകയല്ലാതെ അവരെ സംഘടിപ്പിക്കാനൊന്നും കഴിയില്ലെന്ന് വ്യക്തമായിട്ടും എന്തിനാണ് ആ പാത തന്നെ പിന്തുടരുന്നത്.
ബദല്‍ സമരമാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയുന്നില്ല എന്നത് ജനാധിപത്യ സംവിധാനത്തിന്റെ അപചയം മാത്രമല്ല കാണിക്കുന്നത്, രാഷ്ട്രീയ പാര്‍ട്ടികളുടെ ആര്‍ജ്ജവമില്ലായ്മ കൂടിയാണ്. അതുകൊണ്ട് ഹര്‍ത്താലിനും, ഉപരോധങ്ങള്‍ക്കും, വഴിതടയലിനും എതിരായി ഒരു ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാം, കടയടക്കാതെ, വഴിതടയാതെ, മുദ്രാവാക്യം വിളിയ്ക്കാതെ ഒറ്റ മനസ്സുമായി ഒരു ഹര്‍ത്താല്‍..
Discussion about this post