ചെന്നൈ: എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയുടെ അനധികൃത ഇടപാടുകള്‍ തേടി തമിഴ്നാട്ടിലാകെ ആദായ നികുതി വകുപ്പിന്റെ പരിശോധന രണ്ടാം ദിവസവും തുടരുന്നു. ‘ഓപ്പണ്‍ ക്ലീന്‍ മണി’യുടെ ഭാഗമായാണു റെയ്ഡ്.
നോട്ടുനിരോധന കാലയളവില്‍ കള്ളപ്പണം വെളുപ്പിച്ച കടലാസ് കമ്പനികളില്‍ ചിലതിനു ശശികല, സഹോദരപുത്രനും അണ്ണാ ഡിഎംകെ വിമതനേതാവുമായ ടി.ടി.വി.ദിനകരന് എന്നിവരുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് പരിശോധന.1800 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.
വ്യാഴാഴ്ചയും ശശികലയുടെയും ബന്ധുക്കളുടെയും സഹായികളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ശശികലയ്ക്ക് 81 ശതമാനം ഓഹരിയുള്ള ജയ ടിവിയുടെ ഓഫീസും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വേനല്‍ക്കാല വസതിയായിരുന്ന കൊടനാട് എസ്റ്റേറ്റും ഇതില്‍പ്പെടും.
ചെന്നൈ, തിരുച്ചി, ഈറോഡ്, കോയമ്പത്തൂര്‍, തഞ്ചാവൂര്‍, നീലഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ ഒരേസമയമാണ് പരിശോധന ആരംഭിച്ചത്. അനധികൃത ഇടപാടുകള്‍ കണ്ടെത്താന്‍ ‘ക്ലീന്‍ മണി ഓപ്പറേഷന്’ എന്ന പേരില്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണിതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ അവര്‍ വിസമ്മതിച്ചു. വലിയ പോലീസ് സന്നാഹത്തോടെയായിരുന്നു പരിശോധനകള്‍.
ചെന്നൈയില്‍ ജയ ടിവിയുടെ കേന്ദ്ര ഓഫീസിനു പുറമെ മാനേജിങ് ഡയറക്ടര്‍ ശശികലയുടെ മരുമകന് വിവേക് ജയറാമിന്റെ വീട്ടിലും പരിശോധന നടത്തി. മാവിസ് സാറ്റ്കോം ലിമിറ്റഡ് ആണ് ജയ ടിവിയുടെ ഉടമസ്ഥര്‍. ജാസ് സിനിമാസ്, സിഗ്നെറ്റ് എക്സ്പോര്‍ട്സ് എന്നീ സ്ഥാപനങ്ങളും ശശികലയുടെ ബന്ധുക്കളുമാണ് മറ്റ് ഓഹരിയുടമകള്‍. ശശികലയുടെ അനന്തിരവന് ടി.ടി.വി. ദിനകരന്റെ ചെന്നൈയിലും മന്നാര്ഗുഡിയിലുമുള്ള വീടുകളിലും ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ തഞ്ചാവൂരിലെ വീട്ടിലും പരിശോധന നടത്തി.
ചിലയിടത്ത് റെയ്ഡ് സമാപിച്ചതായും, ചില സ്ഥാപനങ്ങളിലെ പരിശോധന തുടരുന്നതായും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.വന്‍തോതില്‍ പണവും, രേഖകളും പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.പിടിച്ചെടുത്ത പണത്തിന്റെ കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല.
Discussion about this post