കൊല്‍ക്കത്ത: ശ്രീലങ്കയ്ക്കെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 17 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റാണ് ഇന്ത്യയുടെ നഷ്ടമായത്. മഴമൂലം 11.5 ഓവര്‍ മാത്രമാണ് ഇതുവരെ എറിയാനായത്.
ഇന്ത്യന്‍ താരങ്ങളായ കെഎല്‍ രാഹുലും വിരാട് കോഹ്ലിയും സംപൂജ്യരായപ്പോള്‍ ശിഖര്‍ ധവാന് എട്ട് റണ്‍സ് മാത്രമെടുത്തും പുറത്തായി. എട്ട് റണ്‍സുമായി പൂജാരയും റണ്‍സൊന്നും എടുക്കാതെ രഹാനയും ആണ് ക്രീസില്‍.
ശ്രീലങ്കന്‍ മീഡിയം പേസര്‍ സുരംഗ ലക്കമലാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്. ആറ് ഓവറില്‍ റണ്‍സൊന്നും വഴങ്ങാതെ മൂന്ന് വിക്കറ്റാണ് ലക്കമല് വീഴ്ത്തിയത്. രാഹുലിനെ വിക്ക്റ്റ് കീപ്പര്‍ ഡിക്ക് വല്ലയുടെ കൈകളില്‍ എത്തിച്ച ലക്കമല് ധവാന ക്ലീന്‍ ബൗള്‍ഡ് ആക്കുകയും കോഹ്ലിയെ എല്‍ബി വിക്കറ്റില്‍ കുടുക്കുകയും ചെയ്തു.
നേരത്തെ ടോസ് നേടിയ ശ്രീലങ്കന്‍ ടീം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുരളി വിജയ് ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. മൂന്ന് പേസ് ബൗളര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്നതാണ് ടീം ഇന്ത്യ. ഉമേശ് യാദവ്, മുഹമ്മദ് ഷമ്മി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് പേസ് ബൗളര്‍മാര്‍. ജഡേജയ്ക്കും അശ്വിനും ഇത് തിരിച്ച് വരവ് മത്സരമായി. ചേതേശ്വര്‍ പൂജാരയും രഹാനയും ടീമിലുണ്ട്. സാഹയാണ് വിക്കറ്റ് കീപ്പര്‍.
ശ്രീലങ്കയില്‍ നടന്ന പരമ്പര തൂത്തുവാരിയ ഇന്ത്യക്ക് തന്നെയാണ് നാട്ടിലും മേല്‍ക്കൈ. തുടര്‍ച്ചയായ ഒന്‍പതാം പരമ്പരജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ശ്രീലങ്കയുമായി മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവും മൂന്ന് ട്വന്റി20യുമാണ് ഇന്ത്യ കളിക്കുക. നാട്ടില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ശ്രീലങ്കയ്ക്ക് മധുര പ്രതികാരം വീട്ടാനുളള സുവര്‍ണാവസരം കൂടിയാണ് ഈ പരമ്പര.
Discussion about this post