മഹാരാജാ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനകത്ത് നിന്നും ശശിതരൂരിന് എതിര്‍പ്പ്. ശശി തരൂര്‍ എംപി ചരിത്രം പഠിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. പദ്മവാതി വിവാദത്തില്‍ ശശി തരൂര്‍ കഴിഞ്ഞ ദിവസം പഴയ രാജാക്കന്മാരെ വിമര്‍ശിച്ചിരുന്നു. തരൂരിന്റെ വിമര്‍ശനത്തിന് മറുപടിയുമായാണ് രാജസ്ഥാന് രാജകുടുംബാംഗമായ ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം.
തന്റെ പൂര്‍വ ചരിത്രത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സിന്ധ്യ പറഞ്ഞു. ബ്രിട്ടീഷുകാര്‍ രാജ്യത്തെ ചവിട്ടി മെതിക്കുമ്പോള്‍ നമ്മുടെ പഴയ രാജാക്കന്മാര്ക്ക് അഭിമാനക്ഷതമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രാജാക്കന്മാരുടെ അഭിമാനം സംരക്ഷിക്കാനെന്ന പേരില്‍ സിനിമാക്കാരുടെ പിന്നാലെ ചിലര്‍ നടക്കുകയാണെന്നായിരുന്നു തരൂരിന്റെ പ്രസ്താവന.
രാജാക്കന്മാര്ക്കെതിരായ വിമര്‍ശനം വിവാദമായതോടെ തരൂര്‍ നിലപാട് മയപ്പെടുത്തിയിരുന്നു. രജപുത്ത് വിഭാഗക്കാരെ മോശമാക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ചില ബി.ജെ.പി അനുഭാവികള്‍ ഇത്തരത്തില്‍ ശ്രമിക്കുകയാണെന്നും തരൂര്‍ വിശദീകരിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിശദീകരണം. തരൂരിനുള്ള മറുപടി കോണ്‍ഗ്രസിനകത്തെ രാജ കുടുംബാംഗങ്ങള്‍ പറയണമെന്ന് മന്ത്രി സ്മൃതി ഇറാനിയും ആവശ്യപ്പെട്ടിരുന്നു
Discussion about this post