
ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ റിസോര്‍ട്ട് നിര്‍മാണത്തിനായി വേമ്പനാട് കായലും തോട് പുറമ്പോക്കും കൈയേറി. രാജ്യാന്തര നിലവാരത്തില്‍ നിര്‍മിക്കുന്ന നിരാമയ റിട്രീറ്റ് റിസോര്‍ട്ടിന് വേണ്ടി നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു കുമരകം കവണാറ്റിന്‍കരയില്‍ പ്രധാന റോഡില്‍നിന്ന് കായല്‍വരെ നീളുന്ന പുരയിടത്തില്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട് നിര്‍മാണം അന്തിമഘട്ടത്തിലാണ്. ബംഗളൂരു ആസ്ഥാനമായി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ എന്ന കമ്പനിയാണ് നിരാമയ നിര്‍മിക്കുന്നത്. കുമരകത്തുനിന്ന് വേമ്പനാട് കായലിലേക്ക് ഒഴുകുന്ന നേരേ മടത്തോടിന്റെ ഒരുവശം മുഴുവന്‍ തീരംകെട്ടി കൈയേറി റിസോര്‍ട്ട് മതിലിനുള്ളിലാക്കിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ തോടിന്റെയും റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് കായലിന്റെയും തീരത്തോടു ചേര്‍ന്നാണ് നിര്‍മാണം. ഇവിടെയുള്ള പുറമ്പോക്കും കൈവശമാക്കിയെന്നും ആരോപണമുണ്ട്. രണ്ട് പ്ളോട്ടുകളിലായി നാല് ഏക്കറോളം തീരഭൂമിയാണ് റിസോര്‍ട്ടിന്റെ അധീനതയിലുള്ളത്. സമീപവാസികളും മറ്റ് സംഘടനകളും കൈയേറ്റം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനധികൃത നിര്‍മാണം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.
ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് കോട്ടയം താലൂക്ക് സര്‍വെയര്‍ അളന്ന് നല്കിയ റിപ്പോര്‍ട്ടില്‍ കൈയേറ്റം സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ ഉന്നത റവന്യൂ അധികൃതര്‍ മറ്റ് നടപടികള്‍ തടഞ്ഞു നിര്‍ത്തിയിരിക്കയാണ്. പരാതിയുടെയും കേസിന്റെയും അടിസ്ഥാനത്തില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ കോട്ടയം തഹസില്‍ദാര്‍ അഡീഷണല്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അനധികൃത നിര്‍മാണം ഒഴിപ്പിക്കാന്‍ കുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് കത്തും നല്‍കിയെന്നും റിപ്പോര്‍ട്ട് പറയുന്നു
Discussion about this post