ഡല്‍ഹി: ഡല്‍ഹിയില്‍ കാറില്‍ ബൈക്ക് തട്ടിയെന്നാരോപിച്ച് ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ പോലീസുകാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ വര്ധന് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസിക്ക് അദ്ദേഹം കത്തയച്ചു. എപ്രില്‍ അഞ്ചിനാണ് ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വച്ച് ഷാനവാസ് എന്ന ബൈക്ക് യാത്രികനെ കാര്‍ യാത്രക്കാര്‍ മര്‍ദ്ദിച്ചു കൊന്നത്.
സംഭവ സമയത്ത് രണ്ട് പോലീസുകാര്‍ സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ വിഷയത്തില്‍ ഇടപെടാതെ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
സംഭവം നടക്കുമ്പോള്‍ പോലീസുകാര്‍ നിശബ്ദരായി നോക്കി നില്‍ക്കുകയായിരുന്നെന്ന് ഷാനവാസിന്റെ മക്കള്‍ തന്നെ തന്നോട് പറഞ്ഞതായും പോലീസ് കമ്മീഷണര്‍ക്ക് എഴുതിയ കത്തില്‍ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഈ പോലീസുകാരെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്നും ഹര്‍ഷ വര്ധന് ആവശ്യപ്പെട്ടു.
നേരത്തെ കൊലപാതകം ആസൂത്രിതമാണെന്ന് ഷാനവാസിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഒരു നിയമവിരുദ്ധ കെട്ടിട നിര്‍മ്മാണം എതിര്‍ത്തതിന്റെ പ്രതികാരമായി ഷാനവാസിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഷാനവാസിന്റെ കുടുംബം ഇക്കാര്യം ഉന്നയിച്ചിരുന്നു.
യുവാവിനെ പരസ്യമായി കൊലപ്പെടുത്തിയ സംഭവം വിവാമമായിരുന്നു
Discussion about this post