തിരുവനന്തപുരം:ശബരിമല സന്നിധാനത്ത് നടന് ജയറാം ഇടയ്ക്ക വായിച്ചതില്‍ ആചാരലംഘനമെന്ന് വിശദമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ വിഷു ഉത്സവകാലത്താണ് സംഭവം. ആചാരലംഘനം തടയാതിരുന്ന ദേവസ്വം ഉദ്യോഗസ്ഥര്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ദേവസ്വം വിജിലന്‍സ് ഓഫീസര്‍ ആര്. പ്രശാന്ത് നല്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ലഭിച്ച് നാളുകളായിട്ടും തുടര്‍നടപടിയുണ്ടായിട്ടില്ല.
മുന്‍കൂട്ടി നിശ്ചയിച്ചതിനു വിരുദ്ധമായി, കഴിഞ്ഞ ഏപ്രില്‍ പത്തിനു രാവിലെ ശബരിമല നട തുറന്നുവെന്നും 50 വയസ്സിനു താഴെയുള്ള രണ്ടു വനിതകള്‍ ദര്‍ശനം നടത്തിയെന്നും പരാതിയുയര്‍ന്നിരുന്നു. അന്നുരാവിലെ ഉഷഃപൂജ സമയത്ത് സോപാനത്തില്‍ ദര്‍ശനത്തിനെത്തിയ നടന് ജയറാം, ചട്ടവിരുദ്ധമായി സോപാന സംഗീതത്തോടൊപ്പം ഇടയ്ക്ക കൊട്ടിയെന്നും കൊല്ലം സ്വദേശിയായ സുനില്‍കുമാര്‍ എന്നയാള്‍ ക്രമംതെറ്റിച്ച് പൂജ നടത്തിയെന്നും ആരോപണമുണ്ടായി. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ദേവസ്വം മന്ത്രി ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
റിപ്പോര്‍ട്ടില്‍ പറയുന്നതങ്ങനെ:-
1. ജയറാം സന്നിധാനത്ത് ഇടയ്ക്ക വായിക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്. ശബരിമലയില്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി എത്തിയ കോട്ടയം തിരുനക്കര ദേവസ്വം ജീവനക്കാരന് ശ്രീകുമാറായിരുന്നു ഇടയ്ക്ക വായിക്കേണ്ടിയിരുന്നത്. ഈ ചുമതല ജയറാമിനെ ഏല്‍പ്പിച്ചത് ഗുരുതരമായ ആചാരലംഘവും കൃത്യവിലോപവുമാണ്. ജയറാം ഇടയ്ക്കവായിക്കുമ്പോള് ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, സോപാനം സ്പെഷ്യല്‍ ഓഫീസര്‍ എന്നിവര്‍ സോപാനത്തുണ്ടായിരുന്നു. ഇവരുടെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായി.
2. ഏപ്രില്‍ പത്തിന് സന്നിധാനത്തെത്തിയ എറണാകുളം സ്വദേശികളായ സ്ത്രീകള്‍ 50 വയസ്സ് പിന്നിട്ടവരാണ്. ഇവര്‍ക്ക് യഥാക്രമം 53, 54 വയസ്സുണ്ട്.
3. ക്രമം തെറ്റിച്ച് പൂജ നടത്താന്‍ കൊല്ലം സ്വദേശിക്ക് ദേവസ്വം അധികൃതര്‍ സൗകര്യം ചെയ്തുകൊടുത്തെന്ന ആരോപണത്തില്‍ കഴമ്പുണ്ട്. പൂജ ചെയ്യാന്‍ അവസരമുണ്ടാക്കിക്കൊടുത്ത ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നടപടി ഗുരുതരവീഴ്ചയാണ്.
4. ഏപ്രില്‍ പത്തിന് മുന്‍കൂട്ടി നിശ്ചയിച്ചതിനു വിരുദ്ധമായി ശബരിമല നട തുറന്നതിലും വീഴ്ചയുണ്ടായി.
5. കൊല്ലം സ്വദേശിയായ സുനില്‍കുമാര്‍ ശബരിമലയില്‍ ഉത്സവകാലത്ത് നിത്യസന്ദര്‍ശകനാണ്. ഇയാള്‍ സോപാനത്തുള്ള ദേവസ്വം ഗാര്‍ഡ് മുറിയില്‍ അനധികൃതമായി താമസിക്കാറുണ്ട്. ഇയാളുടെ പ്രവൃത്തികള്‍ ശബരിമലയുടെ സത്പേരിനു കളങ്കമാണ്. ശബരിമലയിലെ ദൈനംദിന പ്രവര്‍ത്തനങ്ങളിലുള്ള ഇയാളുടെ ഇടപെടല്‍ അനുവദിക്കരുത്. മറ്റു ഭക്തര്‍ക്ക് ലഭിക്കുന്നതിലധികം സൗകര്യം ഇയാള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
6. ശബരിമലയില്‍ സീസണ് കാലത്ത് സ്ഥിരമായി സ്പെഷ്യല്‍ ഡ്യൂട്ടി ചെയ്യാനെത്തുന്നവരുണ്ട്. ഇത് പലതരത്തിലുള്ള ആരോപണങ്ങള്‍ക്കു കാരണമാകുന്നു. അതിനാല്‍ സ്ഥിരമായി സ്പെഷ്യല്‍ ഡ്യൂട്ടി ചെയ്യുന്നവരെ ഒഴിവാക്കണം.
Discussion about this post