ഗുജറാത്തില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പഴയ വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റി പുതിയത് അനുവദിക്കണമെന്ന ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. പഴയ ഇലക്ട്രോണിക് യന്ത്രങ്ങളില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് കോണ്ടഗ്രസ് കമ്മിറ്റി നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടാണ് തിരഞ്ഞെടുപ്പിനായി വോട്ടിംഗ് യന്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തകരാറുള്ളവ മാറ്റിയിട്ടുണ്ട് എന്നി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ഹൈക്കോടതി ശരിവച്ചു. ഇത്തരം പരാതികള്‍ സമര്‍പ്പിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ജസ്റ്റിസുമാരായ അഖില്‍ ഖുറേഷി, ഏ.വൈ. കോഗ്ജെ എന്നിവരടങ്ങിയ ബഞ്ച് അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് ഗുജറാത്ത് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തള്ളി.. പണമിടപാടുകള്‍ നിരീക്ഷണത്തിന് കീഴിലാക്കിയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനത്തെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. നിരീക്ഷണസംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപാരവ്യവസായ ഇടപാടുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു വാദം. എന്നാല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നിര്‍ദേശം ലഭിച്ചശേഷമേ തിരച്ചില്‍ നടപടികള്‍ ആരംഭിക്കാറുള്ളു എന്ന് തിരഞ്ഞെടുപ്പ കമ്മീഷന് കോടതിയെ ബോധിപ്പിച്ചു. പൊതുജനത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പൊലീസിന്റെ അനാവശ്യ ഇടപെടലുകള്‍ മൂലം ജനം ബുദ്ധ്ിമുട്ടിലാകുന്നത് ഒഴിവാക്കാനും ഇത്തരം നിരീക്ഷണനടപടികള്‍ ഉപകരിക്കുമെന്നും കമ്മിഷന് കോടതിയെ അറിയിച്ചു.
Discussion about this post